പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് നീങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍  മല ഇറങ്ങി. ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് മരക്കൂട്ടത്ത് വന്‍പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് മലയിറങ്ങാന്‍ തയ്യാറായത്.

പ്രതിഷേധക്കാർ മരക്കൂട്ടത്തിന് തൊട്ടുതാഴെ വച്ച് സുഹാസിനിയെ തടയുകയായിരുന്നു. ഇവർ സൂഹാസിനിയെ അസഭ്യവർഷത്തിൽ മുക്കുകയായിരുന്നു. ആൾക്കൂട്ടം അവരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ശരണം വിളിക്കൊപ്പം തെറിയഭിഷേകം കൂടിയായതോടെ സഹികെട്ട സുഹാസിനി ദൗത്യം ഒഴിവാക്കി തിരിച്ചിറങ്ങാൻ തയ്യാറാവുകയായിരുന്നു.

പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ പ്രതിരോധം ഒരുക്കിയ പൊലീസ്, എത്ര ദൂരം മുന്നോട്ട് പോയാലും സംരക്ഷണം ഒരുക്കാമെന്ന്  അറിയിച്ചെങ്കിലും ഇങ്ങനെ യാത്ര തുടരണ്ട എന്ന് സുഹാസിനി അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് പമ്പയിലെത്തിയ സുഹാസിനി രാജിനെ ആദ്യം പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് അവരെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു.