നജീബ് കാന്തപുരം

കുറി തൊട്ടവരെല്ലാം ഹിന്ദു തീവ്രവാദികളും തലപ്പാവും താടിയുമുള്ളവരെല്ലാം മുസ്‌ലിം തീവ്രവാദികളും കുരിശണിയുന്നവരെല്ലാം ക്രിസ്ത്യന്‍ മത ഭ്രാന്തന്മാരുമാണെന്ന ഇടതു സാമാന്യവത്കരണത്തിന്റെ തടവറയിലാണ് നാട് ഭരിക്കുന്ന മുഖ്യമന്ത്രി എന്നത് ഏറെ ആശങ്കാജനകമാണ്. വസ്തുതകളെ തല തിരിച്ചുപിടിച്ച് ലക്ഷ്യം നേടാനുള്ള കേവല കമ്യൂണിസ്റ്റ് കുബുദ്ധിയില്‍ നിന്നുണ്ടാകുന്ന ഇത്തരം നിലപാട് പ്രഖ്യാപനങ്ങള്‍ ബഹുഭൂരിപക്ഷം മതവിശ്വാസികള്‍ ജീവിക്കുന്ന നാട്ടില്‍ അതിനിശിതമായ വിമര്‍ശനമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചൊവ്വാഴ്ച പുത്തരിക്കണ്ടം മൈതാനിയില്‍ പിണറായി വിജയന്‍ നടത്തിയ പ്രസംഗവും കഴിഞ്ഞദിവസം തോമസ് ഐസക് ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പും മുസ്‌ലിംലീഗിനെ ഉപദേശിക്കാനുള്ളതല്ല. പകരം ആര്‍.എസ്.എസിന് ഏണിവെച്ച് കൊടുക്കാനുള്ള നടപടിയുടെ ഭാഗം മാത്രമാണ്.
പുത്തരിക്കണ്ടം മൈതാനിയിലെ പ്രസംഗത്തില്‍ മുഖ്യമന്ത്രി ചോദിക്കുന്ന ചില പ്രധാനമായ ചോദ്യങ്ങളുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭകള്‍ ഏതെങ്കിലും വിശ്വാസത്തിനെതിരെ നിലകൊണ്ട ചരിത്രമുണ്ടോ എന്നതാണ് അതിലൊന്ന്. ഒരുകാര്യം അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം പറയാം. 1985ലെ ശാബാനുകേസ് മുതല്‍ ഏറ്റവുമൊടുവില്‍ സുന്നി പള്ളികള്‍ സ്ത്രീകള്‍ക്ക് തുറന്നുകൊടുക്കണമെന്ന കോടിയേരിയുടെ പ്രസ്താവനവരെ നീളുന്ന നിലപാടുകള്‍ പരിശോധിച്ചാല്‍ സി.പി.എം എക്കാലത്തും വിശ്വാസപരമായ കാര്യങ്ങളില്‍ കൈക്കൊണ്ട മൗലിക നിലപാടുകള്‍ എന്തായിരുന്നുവെന്നതില്‍ ഒരു തര്‍ക്കവുമില്ല. ഇത് ഇസ്‌ലാമിക വിശ്വാസകാര്യങ്ങളില്‍ മാത്രമല്ല, സി.പി.എം നേതാക്കള്‍ക്കോ, പാര്‍ട്ടി അംഗങ്ങള്‍ക്കോ ഇപ്പോഴും ക്ഷേത്ര പ്രവേശനം പോലും അനുവദനീയമല്ലെന്ന കാര്യം, ഈയിടെ കൈക്കൊണ്ട ചില നടപടികള്‍ തന്നെ ബോധ്യപ്പെടുത്തുന്നതാണല്ലോ. ഒരു കാര്യം സുവ്യക്തമാണ്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സി.പി.എം എക്കാലവും നിലയുറപ്പിച്ചത് മറുപക്ഷത്ത് തന്നെയായിരുന്നു. മത വിശ്വാസം എന്നത് മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് അടിസ്ഥാനപരമായി ബോധ്യമുള്ള ഒരു പ്രത്യയശാസ്ത്രത്തില്‍നിന്ന് ഇതിന് വിരുദ്ധമായ നിലപാടുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതാണ് പരമമായ വിഡ്ഢിത്തം. മത വിശ്വാസം പോലെ തന്നെ മറ്റൊരു വിശ്വാസമാണ് കമ്യൂണിസം എന്നിരിക്കേ കമ്യൂണിസ്റ്റുകാര്‍ക്ക് മതവിരുദ്ധമായി സംസാരിക്കുന്നതിനോ, പ്രചാരണം നടത്തുന്നതിനോ യാതൊരു തടസ്സവുമില്ല. ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം എത്രമാത്രം മത വിശ്വാസികള്‍ക്കുണ്ടോ, അത്രതന്നെ വിശ്വാസരഹിതര്‍ക്കും അനുവദിച്ചുകൊടുക്കേണ്ടതുണ്ട്. അതേസമയം എല്ലാതരം മത വിശ്വാസങ്ങള്‍ക്കും വിരുദ്ധമായ പ്രത്യയശാസ്ത്ര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍തന്നെ ഞങ്ങള്‍ മതത്തിന്റെ സംരക്ഷകരാണെന്ന അവകാശവാദമുന്നയിക്കുന്നത് മിതമായി പറഞ്ഞാല്‍ വങ്കത്തമാണ്. മതം എന്നത് ഒരു വിശ്വാസമാണ്. കാണാത്ത ദൈവത്തെ അന്ധമായി വിശ്വസിക്കുകയെന്നത് തന്നെയാണ് മത വിശ്വാസങ്ങളുടെ അടിസ്ഥാന തത്വം. മത വിശ്വാസത്തിലെ യുക്തി തിരയുന്നവര്‍ക്ക് ഈ വിശ്വാസത്തിനകത്തേക്ക് വരേണ്ട ഒരാവശ്യവുമില്ല. മത വിശ്വാസം യുക്തി ബോധത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതുമല്ല. അതുകൊണ്ട് തന്നെ ഓരോ മതവും ആ മതം ആവശ്യപ്പെടുന്ന ചട്ടക്കൂടുകള്‍ക്കകത്ത് നില്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മാത്രമുള്ളതാണ്. ആ വിശ്വാസ പ്രമാണങ്ങള്‍ ഹിതകരമല്ലെങ്കില്‍ ആര്‍ക്കും ആ മതത്തില്‍നിന്ന് പുറത്ത്‌പോകാനോ, പുതിയ മതം ഉണ്ടാക്കണമെങ്കില്‍ അങ്ങനെ ചെയ്യാനോ ഉള്ള സ്വാതന്ത്ര്യം ഈ നാട്ടിലുണ്ട്. അതേസമയം തന്നെ ഭരണഘടനയുടെ 25, 26 ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്ന വിശ്വാസപരമായ സ്വാതന്ത്ര്യം ഇന്ത്യയിലെ ഓരോ മത വിശ്വാസിക്കുമുണ്ട്. അവിടെ വിശ്വാസമാണ് പ്രധാനം, യുക്തിയല്ല.
1952 ല്‍ പാര്‍ലമെന്ററിനകത്ത് മുസ്‌ലിം ലീഗിന്റെ ഏക അംഗം ബി. പോക്കര്‍ സാഹിബ് ഉയര്‍ത്തിയ വിയോജനക്കുറിപ്പ് ചരിത്ര പ്രധാനമാണ്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ഭരണകക്ഷിയുടെ പൂര്‍ണ പിന്തുണയോടെ കൊണ്ടുവരുമ്പോള്‍ മുസ്‌ലിംകള്‍ എന്ന നിലയില്‍ അത് തങ്ങളുടെ വിശ്വാസത്തിനെതിരാണെന്നും ആയതിനാല്‍തന്നെ വിശ്വാസത്തിനെതിരായ ബില്‍ ഭരണഘടനാവിരുദ്ധമാണെന്നും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞാണ് ബി. പോക്കര്‍ സാഹിബ് ആ ബില്ലിനെ പ്രതിരോധിച്ചത്. ആ ഒറ്റ മനുഷ്യന്റെ പ്രതിഷേധം പക്ഷേ ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യരുടെ പ്രതിഷേധമാണെന്ന് തിരിച്ചറിയാനുള്ള വിവേകം ഭരണാധികാരികള്‍ക്കുണ്ടായതുകൊണ്ട് മാത്രമാണ് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയില്‍ ആ ബില്‍ പിന്‍വലിക്കുന്നതായി അന്നത്തെ നിയമ സഹമന്ത്രി എച്ച്.വി പത്രാസ്‌കര്‍ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായത്. എന്നാല്‍ ഇന്ന് കേരളം ഭരിക്കുന്ന സര്‍ക്കാര്‍ ഇക്കാലയളവില്‍ എടുത്ത നിരവധി തീരുമാനങ്ങള്‍ വിശ്വാസികള്‍ക്ക് വിമര്‍ശിക്കേണ്ടിവന്നത് അവരുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുള്ളതുകൊണ്ട് തന്നെയാണ്.
ശബരിമല വിഷയം ചര്‍ച്ച ചെയ്യും മുമ്പ് ചില കാര്യങ്ങള്‍കൂടി വിശകലനം ചെയ്യേണ്ടതുണ്ട്. അതിലൊന്ന് കമ്യൂണിസ്റ്റുകാര്‍ ഇപ്പോഴും പുലര്‍ത്തുന്ന ചില മുന്‍വിധികളാണ്. അതിലേറ്റവും പ്രധാനം നവോത്ഥാനവുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലെ മത വിശ്വാസികള്‍ക്കിടയിലുണ്ടായ ആചാരങ്ങള്‍ സംബന്ധിച്ച് അതത് മത വിശ്വാസികള്‍ക്കകത്തുള്ള പണ്ഡിതന്മാര്‍ തന്നെ (നവോത്ഥാന നായകരുള്‍പ്പെടെ) നടത്തിയ പരിഷ്‌കരണ വാദങ്ങള്‍ പല തിരുത്തലുകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. ഒരുപക്ഷേ അതത് മതങ്ങളിലെ മൗലികമായ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നില്ല ഇതൊന്നും. അതില്‍ യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടായിട്ടുണ്ട്. ആ പരിഷ്‌കരണങ്ങള്‍ അനുസരിച്ച് മാറ്റം വരുത്തിയവരും ഒരു മാറ്റവുമില്ലാതെ അതിന്റെ തനത് ശൈലിയില്‍ തുടരുന്നവരുമുണ്ട്. എന്നാല്‍ തോമസ് ഐസക് ആവട്ടെ പിണറായി വിജയനാവട്ടെ, രണ്ടുപേരും പരാമര്‍ശിക്കുന്നത് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് നവോത്ഥാന ബോധങ്ങളില്‍നിന്നുള്ള പിറകോട്ട് നടത്തമാണെന്നാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മതനിരാസം മുന്നോട്ട് നടത്തമായും മത വിശ്വാസം പിറകോട്ടുള്ള നടത്തമായും കാണുന്ന കമ്യൂണിസ്റ്റ് നിലപാടുകള്‍ മാത്രമാണ് ഈ പ്രഖ്യാപനങ്ങളിലുള്ളത്. ബാബരി മസ്ജിദ് തകര്‍ത്തത് ഹിന്ദുക്കളാണെന്ന് മുസ്‌ലിംലീഗ് ഒരിക്കലും വിശ്വസിക്കുന്നില്ല എന്നപോലെതന്നെ, ശബരിമല സമരം നയിക്കുന്നത് സംഘ്പരിവാറാണെന്നും മുസ്‌ലിം ലീഗ് കരുതുന്നില്ല. ശബരിമല സംരക്ഷണ റാലിയില്‍ കൊണ്ടോട്ടിയിലെ ഒരു പാര്‍ട്ടി നേതാവ് തന്നെ പങ്കെടുത്തത് സോഷ്യല്‍ മീഡിയയില്‍ വൈറലായ കാര്യമാണ്. നാടാകെ നടക്കുന്ന അയ്യപ്പഭക്തരുടെ സമരങ്ങളില്‍ എല്ലാ പാര്‍ട്ടിക്കാരും പങ്കെടുക്കുന്നുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട ആര്‍.എസ്.എസ് നേതൃത്വവും ജന്മഭൂമി പത്രവും വിശ്വാസികളുടെ കൂടെയായിരുന്നില്ലെന്നറിയാമായിരുന്നിട്ടും ഈ സമരത്തെ കാവി പുതപ്പിക്കുന്നത് തീര്‍ത്തും ദുരുദ്ദേശപരമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഹൈന്ദവ വിശ്വാസമുള്ളവരെ സംഘികള്‍ക്ക് എറിഞ്ഞുകൊടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിനകത്ത് കൃത്യമായ രാഷ്ട്രീയം സി.പി.എമ്മിനുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമാവുകയാണ്. കോണ്‍ഗ്രസ് കേരളത്തിലെ വിശ്വാസികള്‍ക്കിടയിലുണ്ടാക്കുന്ന ഏത് സ്വീകാര്യതയും ഭയപ്പെടുത്തുന്നത് സി.പി.എമ്മിനെയാണ്. വിശ്വാസികള്‍ സംഘ്പരിവാറിനൊപ്പംനിന്നാലും കോണ്‍ഗ്രസിനൊപ്പം ചേരരുതെന്ന നീട്ടിയെറിയല്‍ മാത്രമാണിതിന് പിന്നില്‍. എക്കാലത്തും സി.പി.എം കൈക്കൊണ്ട നിലപാടും ഇതുതന്നെയായിരുന്നു. സംഘ്പരിവാറിന് ഗുണമുണ്ടായാലും കോണ്‍ഗ്രസിനൊപ്പം ആളുണ്ടാവരുതെന്ന ആ പഴയ നിലപാട്.
ശബരിമല ഹൈന്ദവ വിശ്വാസികളുടെ ആഭ്യന്തര കാര്യമാണ്. അവിടെ ഏത് തരത്തിലുള്ള ആചാരമാണ് വേണ്ടതെന്ന് വര്‍ഷങ്ങളായി നടന്നുവരുന്ന അനുഷ്ഠാന കര്‍മ്മങ്ങളുടെ ഭാഗമായി തന്ത്രിമാരും ആചാര്യന്മാരുമാണ് തീരുമാനിക്കേണ്ടത്. അത് അംഗീകരിക്കുക എന്ന ഉത്തരവാദിത്തം കേരളത്തിലെ പൊതുസമൂഹം ഏറ്റെടുക്കേണ്ടതുമാണ്. മുസ്‌ലിംലീഗ് ഇക്കാര്യത്തില്‍ എടുത്ത നിലപാടും ഇത് മാത്രമാണ്. ശബരിമലയിലെ വിശ്വാസ കാര്യങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് മുറിവേല്‍ക്കുന്ന തീരുമാനം ഉചിതമല്ല. സ്വാഭാവികമായും സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് വേദനയില്ലാത്ത തരത്തില്‍ സര്‍ക്കാര്‍ സമവായ ശ്രമങ്ങളുണ്ടാക്കണം എന്നാണ് മുസ്‌ലിംലീഗ് നേതാക്കള്‍ മുന്നോട്ട്‌വെച്ച നിലപാട്. എന്നാല്‍ സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റീഷന്‍ പോലും നല്‍കാന്‍ ഒരുക്കമല്ലെന്ന നിലപാട് പിണറായി ആവര്‍ത്തിക്കുമ്പോള്‍ മുസ്‌ലിംലീഗ് സുവ്യക്തമായി പറഞ്ഞ കാര്യം ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നാണ്. ഇന്ത്യയുടെ ഭരണഘടന നിലനില്‍ക്കുന്ന കാലത്തോളം വിശ്വാസം സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. അതില്‍നിന്ന് പിറകോട്ടുപോയാല്‍ അതുണര്‍ത്തുക എന്നത് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ബാധ്യതയായാണ് കാണുന്നത്.
ശബരിമല സമരത്തെ സംഘ്പരിവാറിനെറിഞ്ഞ് കൊടുക്കുന്നത് സി.പി.എമ്മാണ്. അവിടെ നടക്കുന്നത് വിശ്വാസികളുടെ പ്രതിഷേധമാണെന്ന് എന്തുകൊണ്ട് സി.പി.എം തിരിച്ചറിയുന്നില്ല. വിശ്വാസികള്‍ക്കുമേല്‍ സംഘ്പരിവാര്‍ ആധിപത്യം നേടാതിരിക്കാനുള്ള മുന്‍കരുതലെടുക്കുന്നില്ല? എക്കാലവും വിശ്വാസികളുടെ നിലപാടിനെതിരായിരുന്നു ആര്‍.എസ്.എസ് എന്നും ഇതുസംബന്ധിച്ച പരാതിക്കാരിപോലും ആര്‍.എസ്.എസാണെന്നും വിശ്വാസികളുടെ ശബ്ദം കേള്‍ക്കാന്‍ ഒരുക്കമാണെന്നും സര്‍ക്കാറിന് പറയാന്‍ കഴിയുന്നില്ല? ഇതിനര്‍ത്ഥം ഈ സമരത്തെ സി.പി.എം ആര്‍.എസ്.എസിന് തീറെഴുതിക്കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് തന്നെയാണ്.മറ്റൊരു പ്രധാന ആക്ഷേപം ബാബരി മസ്ജിദുമായി ബന്ധപ്പെട്ടാണ്. വിശ്വാസമാണ് പ്രധാനമെങ്കില്‍ ബാബരി മസ്ജിദ് തകര്‍ത്തതിലെന്താണ് തെറ്റെന്നാണ് സി.പി.എം നേതാക്കള്‍ ചോദിക്കുന്നത്. ഇനിയും ഒരുപാട് പള്ളികള്‍ ആര്‍.എസ്.എസ് നോട്ടമിട്ടിരിക്കെ ഈ പള്ളികള്‍കൂടെ വിശ്വാസത്തിന്റെ പേരില്‍ ആര്‍.എസ്.എസ് കീഴ്‌പ്പെടുത്തുമ്പോള്‍ എന്തു പറയാന്‍ കഴിയും?
പ്രിയ സി.പി.എം നേതാക്കളെ, വിവരക്കേടാവാം. പക്ഷേ ദയവായി വിവരക്കേടിന്റെ തലപ്പാവ് കെട്ടി നടക്കരുത്. ഒന്നാമത്തെ കാര്യം ബാബരി മസ്ജിദ് തകര്‍ത്തത് ഇന്ത്യയിലെ ഹിന്ദുക്കളല്ല. അധികാര രാഷ്ട്രീയത്തിന്റെ ചവിട്ടുപടിയായി സംഘ്പരിവാര്‍ നടത്തിയ ചരിത്രത്തിലെ ഹീനമായ ആ കയ്യേറ്റത്തെ ഇന്ത്യയിലെ ഹിന്ദുക്കളുടെ തലയില്‍ കെട്ടിവെക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അപരാധമാണ്. ശശി തരൂര്‍ പറഞ്ഞപോലെ രാമന്റെ പേരില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കണമെന്ന് ഹിന്ദുക്കള്‍ ആഗ്രഹിക്കാം. എന്നാല്‍ ഒരു പള്ളി തകര്‍ത്ത് അതിനുമുകളില്‍ രാമക്ഷേത്രം പണിയണമെന്ന് ഒരിക്കലും ഒരു നല്ല ഹിന്ദു ആഗ്രഹിക്കില്ല. ആയിരക്കണക്കിന് ഹിന്ദു സഹോദരങ്ങള്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതില്‍ ഇന്നും ദു:ഖിതരാണ്. നിയമ പോരാട്ടത്തിലടക്കം നീതിക്കൊപ്പം അവര്‍ നിലയുറപ്പിച്ചത് ചരിത്രമാണ്. ഒട്ടും ചരിത്ര ബോധമില്ലാതെ ഇത്തരം ആരോപണങ്ങള്‍ തൊടുത്തു വിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശരിവെക്കുന്നത് ആര്‍.എസ്.എസിന്റെ തന്നെ വാദമുഖങ്ങളാണ്. ബാബരി മസ്ജിദ് തകര്‍ത്തത് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായിരുന്നുവെന്ന് മുഖ്യമന്ത്രി സമര്‍ത്ഥിക്കുമ്പോള്‍ അദ്ദേഹം അധിക്ഷേപിക്കുന്നത് ഈ നാട്ടിലെ മതേതര വിശ്വാസികളായ കോടിക്കണക്കിന് ഹൈന്ദവ വിശ്വാസികളെയാണ്. മുസ്‌ലിംലീഗ് ഈ വിഷയത്തില്‍ ഒരു രാഷ്ട്രീയ മുതലെടുപ്പും ആഗ്രഹിക്കുന്നില്ല. വിശ്വാസപരമായ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് വിശ്വാസികള്‍ തന്നെയാണെന്നും അതവരുടെ ഭരണഘടനാ അവകാശമാണെന്നും മുസ്‌ലിംലീഗ് കരുതുന്നു. പിണറായി സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെങ്കില്‍ ചെയ്യേണ്ടത് സുപ്രീംകോടതിയില്‍ പുന:പരിശോധനാഹര്‍ജി സമര്‍പ്പിക്കുകയാണ്. അതിനൊരുക്കമല്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ വിശ്വാസികള്‍ക്കെതിരാണെന്ന് തന്നെയാണ്. ശബരിമല വിഷയത്തില്‍ മാത്രമല്ല, മറ്റേതു വിശ്വാസപരമായ വിഷയങ്ങളില്‍ കോടതി അഭിപ്രായം പറഞ്ഞാലും ഭരണഘടനാപരമായി വിശ്വാസ സംരക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് നിയമനിര്‍മ്മാണം സാധ്യമാണ്.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക ശരീഅത്ത് പരമപ്രധാനമാണ്. ഭരണഘടന ഉറപ്പുതരുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുമ്പോള്‍ ഈ നാട്ടിലെ വിശ്വാസികളായ ഹൈന്ദവ സഹോദരങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷ. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമതാണ്. സംഘ്പരിവാര്‍ ഒരു മതമല്ലെന്നും രാഷ്ട്രീയ അധികാരവും സാമ്പത്തിക അധികാരവും സ്വന്തമാക്കാനുള്ള ഗൂഢസംഘമാണെന്നും ഇന്നാട്ടിലെ ഹിന്ദുക്കള്‍ക്കറിയാം. അത്‌കൊണ്ടാണ് അവര്‍ സംഘ്പരിവാറിനെ ജീവന്‍ കൊടുത്തു പ്രതിരോധിക്കുന്നത്. ഇതുവരെ അത് തിരിച്ചറിയാന്‍ കഴിയാത്തത് സി.പി.എമ്മിന് മാത്രമാണെന്ന് പുത്തരിക്കണ്ടം പ്രസംഗത്തിലൂടെ പിണറായി വിജയന്‍ ആവര്‍ത്തിച്ചു തെളിയിച്ചിരിക്കുകയാണ്.