ഒക്ടോബര്‍ 13 തിങ്കളാഴ്ച ഈജിപ്തിലെ ശറം അല്‍ ഷെയ്ഖില്‍ നടക്കുന്ന സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയും ക്ഷണിച്ചു.
അമേരിക്കയും ഈജിപ്തും ശനിയാഴ്ച പ്രധാനമന്ത്രി മോദിക്ക് അവസാന നിമിഷം ക്ഷണം നല്‍കിയതായി വൃത്തങ്ങള്‍ പറഞ്ഞു.
ഈജിപ്ഷ്യന്‍ പ്രസിഡന്‍സിയുടെ വക്താവ് പറയുന്നതനുസരിച്ച്, അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുടെയും ട്രംപിന്റെയും സംയുക്ത അദ്ധ്യക്ഷതയില്‍ 20 ലധികം രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന ‘സമാധാന ഉച്ചകോടി’ തിങ്കളാഴ്ച ഉച്ചയ്ക്ക് ഷര്‍ം എല്‍-ഷൈഖില്‍ നടക്കും.
‘ഗസ്സ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡില്‍ ഈസ്റ്റില്‍ സമാധാനവും സ്ഥിരതയും സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുക, പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും ഒരു പുതിയ പേജ് തുറക്കുക എന്നിവയാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്,” പ്രസ്താവനയില്‍ പറയുന്നു.
മോദി ക്ഷണം സ്വീകരിച്ചാല്‍ പ്രസിഡന്റ് ട്രംപ് അടക്കമുള്ള രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിക്കും. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമേ മധ്യപൂര്‍വദേശത്ത് സാന്നിധ്യം പ്രകടിപ്പിക്കാനും, സ്വതന്ത്ര ഫലസ്തീന്‍ ലക്ഷ്യത്തോടുള്ള ഇന്ത്യയുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള വേദിയും ലഭിക്കും. മാത്രമല്ല ഈജിപ്തുമായുള്ള ഉഭയകക്ഷി ബന്ധത്തിന് ഉത്തേജനം നല്‍കാനുമുള്ള അവസരം കൂടിയായി ഈ ഉച്ചകോടി മാറും.