മീററ്റ്: ഉത്തര്‍പ്രദേശില്‍ ഗുണ്ടാ രാജാണെന്നും യു.പിയിലുണ്ടായ കൊലപാതകങ്ങളില്‍ പ്രതികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പോരാട്ടം കോണ്‍ഗ്രസിനും എസ്.പിക്കും മായാവതിക്കും എതിരാണെന്നും മോദി പറഞ്ഞു. മീററ്റില്‍ ബി.ജെ.പി പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കേന്ദ്രം വിഭാവനം ചെയ്ത പദ്ധതികള്‍ക്കെല്ലാം തടസ്സം നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാറാണ്. യു.പിയെ സഹായിക്കാന്‍ താന്‍ ഡല്‍ഹിയില്‍ നിന്ന് ശ്രമിക്കുമ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ല. പണം വേറെ എവിടെയെങ്കിലും പോകും. യു.പിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കേന്ദ്രം തയാറാണ്. കാരണം യു.പിയാണ് തന്നെ പ്രധാനമന്ത്രിയാക്കിയത്- അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പ്രചരണം മീററ്റില്‍ നിന്നും ആരംഭിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. അന്ന് ബ്രിട്ടീഷുകാര്‍ക്കെതിര ആയിരുന്നു പോരാട്ടം. ഇന്നത്തെ പോരാട്ടം ദാരിദ്ര്യത്തിനെതിരെയും. മാഫിയകള്‍ക്കും ഗുണ്ടകള്‍ക്കും നമ്മുടെ സഹോദരിമാരെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുമെതിരെയാണ് ഈ പോരാട്ടം. വര്‍ഷങ്ങളായി എന്താണ് യുപിയുടെ അവസ്ഥ. യുവാക്കള്‍ക്ക് സ്വന്തം നാടും വീടും വിട്ട് നഗരങ്ങളിലെ ചേരികളില്‍ തൊഴിലെടുക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്?- അദ്ദേഹം ചോദിച്ചു.

എസ്പി സര്‍ക്കാര്‍ യു.പിയെ നശിപ്പിച്ചുവെന്ന് പറഞ്ഞിരുന്നവരാണ് കോണ്‍ഗ്രസ്. എന്നാല്‍ ഒരൊറ്റ രാത്രി കൊണ്ട് അവര്‍ കൈകോര്‍ത്തു. നിരവധി രാഷ്ട്രീയ സഖ്യങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്. ഞങ്ങളെ രക്ഷിക്കൂ രക്ഷിക്കൂ എന്നാണ് കോണ്‍ഗ്രസും എസ്പിയും ജനങ്ങളോട് കേഴുന്നത്. ജനങ്ങള്‍ക്ക് അവരെ രക്ഷിക്കാന്‍ കഴിയില്ല. അവര്‍ക്കെങ്ങനെ യുപിയെ സംരക്ഷിക്കാന്‍ കഴിയും? അഴിമതിക്കെതിരായ ബിജെപിയുടെ പോരാട്ടമാണ് യുപി തെരഞ്ഞെടുപ്പ്.
സ്‌കാം എന്നതിന് അര്‍ത്ഥം, എസ് സമാജ്‌വാദി പാര്‍ട്ടി, സികോണ്‍ഗ്രസ്, എ അഖിലേഷ്, എം മായാവതി എന്നാണ്.

സ്‌കാം വേണോ ബിജെപി വേണോ? സ്‌കാം വേണോ യുപിയുടെ വികസനം വേണോ? സ്‌കാമിനെ പുറത്താക്കാതെ യുപിയില്‍ നല്ല ദിനങ്ങള്‍ വരില്ല.- മോദി പറഞ്ഞു. മിന്നലാക്രമണത്തിലൂടെ പാകിസ്താന് കനത്ത മറുപടി നല്‍കിയെന്നും മോദി ആവര്‍ത്തിച്ചു. ഇത്ര രഹസ്യമായി എങ്ങനെ ഇങ്ങനെയൊരു സൈനിക നടപടി നടന്നുവെന്നാണ് ലോകം ചോദിക്കുന്നത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ തന്നെ നിയമിക്കണമെന്നാണ് അടുത്തിടെ ഒരു മുതിര്‍ന്ന സൈനികന്‍ തന്നോട് ആവശ്യപ്പെട്ടത്. ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൂടി വേണം.

മരിക്കുന്നതിന് മുമ്പ് എന്റെ മാതൃരാജ്യത്തിനായി കടം വീട്ടണമെന്നും അദ്ദേഹം തന്നോട് പറഞ്ഞു. എന്നാല്‍ ചില രാഷ്ട്രീയ നേതാക്കള്‍ സൈന്യത്തെ ചോദ്യം ചെയ്യുകയാണ്. നിങ്ങള്‍ തിരിച്ചടിച്ചോ? പാകിസ്താനില്‍ പ്രവേശിച്ചോ?- എന്നൊക്കെയാണ് അവരുടെ ചോദ്യം. ഫെബ്രുവരി 11നാണ് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ആദ്യ വോട്ടെടുപ്പ്.