തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ അഭിപ്രായം കേള്‍ക്കാതെ മാനേജുമെന്റുമായി ഉണ്ടാക്കിയ രഹസ്യധാരണ അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ നാടകമായിരുന്നു ചര്‍ച്ച എന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയുര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്,വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍ എന്നിവര്‍ പറഞ്ഞു. മന്ത്രിയുടെ നടപടി തീര്‍ത്തും ജനാധിപത്യവിരുദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല.

ലക്ഷ്മി നായരെ പുറത്താക്കുന്നത് വരെ സമരത്തില്‍ നിന്നും പിന്മാറാന്‍ എം.എസ്.എഫ് തയ്യാറല്ല വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചതിന്റെ പേരില്‍ നല്‍കിയ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യാന്‍ അധികാരികള്‍ തയ്യാറാവണം.

തിങ്കളാഴ്ച്ച നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് അഫിലിയേഷന്‍ പ്രശ്‌നമുള്ള ലോ അക്കാഡമി ഏറ്റെടുക്കാന്‍ യൂണിവേഴ്‌സിറ്റി തയ്യാറാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.എസ്.എഫ് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി വിളിച്ച ചര്‍ച്ചയില്‍ യൂണിറ്റ് ഭാരവാഹികളായ മന്‍സൂര്‍ ബാഫഖി, ആന്‍സിഫ് എന്നിവരും പങ്കെടുത്തു.