ന്യൂഡല്‍ഹി: അമേരിക്കയിലെ ഹൗഡി മോദി പരിപാടിക്കിടെ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായി. ഹൂസ്റ്റണില്‍ നടന്ന പരിപാടിക്കിടെയാണ് മോദി ട്രംപിന് ഒരു അവസരം കൂടി കൊടുക്കണമെന്ന തരത്തില്‍ പ്രസ്താവന നടത്തിയത്. ‘അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന മുദ്രാവാക്യത്തോടെയാണ് മോദി ട്രംപിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചത്.

മോദിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. കാലങ്ങളായി ഇന്ത്യ പിന്തുടരുന്ന വിദേശനയത്തിന്റെ ലംഘനമാണ് മോദി നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തി. മറ്റൊരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് നടപടിക്രമത്തില്‍ ഇടപെട്ടത് വിദേശനയത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.