മുംബൈ: വീണ്ടും വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് രംഗത്ത്. ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് മോഹന്‍ഭാഗവത് പറഞ്ഞു. ഇന്ത്യയില്‍ ജനിക്കുന്ന എല്ലാവരും ഹിന്ദുവായിട്ടാണ് ജനിക്കുന്നത്. ഇന്ത്യക്കാര്‍ വിഗ്രഹാരാധന നടത്തുന്നവരാണ്. ഇത് നടത്തിയില്ലെങ്കിലും ആരും ഹിന്ദുക്കള്‍ അല്ലാതെയാകുന്നില്ല. മഹാരാഷ്ട്രയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.

ഹിന്ദുക്കള്‍ ജീവിക്കുന്ന ഹിന്ദുസ്ഥാനില്‍ മുസ് ലിം മഞ്ച് പ്രവര്‍ത്തകര്‍ ഭാരത് മാതാവിന് ജയ് വിളിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും ജന്‍മം കൊണ്ട് അവര്‍ ഹിന്ദുക്കളാണെന്നും മോഹന്‍ഭാഗവത് പറഞ്ഞു. അവരുടെ വിശ്വാസത്തില്‍ മാത്രമാണ് മുസ്‌ലിം എന്ന മതമെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ജാതിക്കും മതത്തിനും ഭാാഷക്കും അതീതരായി വളരണമെന്നും ഭാഗവത് പറഞ്ഞു.

നേരത്തേയും മുസ്‌ലിംങ്ങള്‍ക്കെതിരെ നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തി രംഗത്തെത്തിയിട്ടുള്ളയാളാണ് മോഹന്‍ ഭാഗവത്.