കൊച്ചിയില്‍ സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ മോഹന്‍ലാല്‍ രംഗത്ത്. സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ നടക്കുമ്പോള്‍ നമ്മള്‍ മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് നിര്‍ത്തി നിയമം ശക്തമാക്കുകയാണ് വേണ്ടതെന്ന് മോഹന്‍ലാല്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹല്‍ലാല്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമത്തെ കുറിച്ച് കേള്‍ക്കേണ്ടി വന്നത് നിരാശാജനകമാണ്. ഇത്തരം പ്രവര്‍ത്തികളെ അപലപിക്കുക മാത്രമല്ല, കര്‍ശനമായ ശിക്ഷ നല്‍കുകയും വേണം. തെറ്റു ചെയ്യുന്ന സമാന ചിന്താഗതിക്കാര്‍ക്കും ഇതൊരു പാഠമാകണം. നമ്മള്‍ മെഴുകുതിരി കൊളുത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് നിര്‍ത്തി നിയമം ശക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നടിയുടെ ദുരവസ്ഥയില്‍ എന്റെ ഹൃദയം അവള്‍ക്കൊപ്പമാണ്. വൈകാതെ തന്നെ അവള്‍ക്ക് നീതി ലഭിക്കട്ടെയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.