കൊച്ചി: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ പ്രതിക്കൂട്ടിലുള്ള നടന്‍ ദിലീപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് ജനറല്‍ബോഡിയാണെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നാശ്യപ്പെട്ട് വുമണ്‍ കലക്ടീവ് ഇന്‍ സിനിമ പ്രതിനിധികള്‍ സംഘടനക്ക് കത്ത് നല്‍കിയിരുന്നു. നിയമോപദേശം അനുസരിച്ചാണ് ദിലീപിനെ തിരിച്ചെടുത്തതെന്നാണ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയത്. എന്നാല്‍ ജനറല്‍ ബോഡി എപ്പോള്‍ വിളിച്ചു ചേര്‍ക്കാനാകുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ ദിലീപിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഈ മാസം മാത്രം മൂന്നാമത്തെ കത്താണ് നടിമാര്‍ താരസംഘടനക്കു നല്‍കിയത്. തങ്ങള്‍ സംഘടനക്കു മുന്നില്‍വെച്ച നിര്‍ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി വേണമെന്നാവശ്യപ്പെട്ട് നടി രേവതിയാണ് കഴിഞ്ഞ ദിവസം കത്തു നല്‍കിയത്.

നേരത്തെ തിലകന്‍ അടക്കമുള്ള അഭിനേതാക്കള്‍ക്കെതിരെ എക്‌സിക്യൂട്ടീവ് യോഗം മാത്രം ചേര്‍ന്ന് എഎംഎംഎ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ദിലീപിനെതിരെ ഇത്തരത്തില്‍ നടപടി സ്വീകരിക്കാന്‍ വൈമനസ്യം കാണിക്കുന്ന സംഘടനാ രീതിക്കെതിരെ നടിമാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.