തിരുവനന്തപുരം: ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്‌സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

 

‘ഒറ്റക്കൊമ്ബന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഷിമോഗ ക്രിയേഷന്‍സിന്റെയും ഡ്രീം സിനിമാസിന്റെയും ബാനറില്‍ ഷബീര്‍ പത്തന്‍, നിധിന്‍ സെയ്‌നു മുണ്ടക്കല്‍, എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ‘എനിക്കുള്ളത് നെറ്റിപ്പട്ടത്തിന്റെ ചാരുതയല്ല, പൂരങ്ങളുടെ അഭിമാനമല്ല, ഗര്‍വ്വല്ല, എന്റെ താളം കാടിന്റെയാണ്.സര്‍വ്വവും മെതിക്കുന്ന രൗദ്രതയാണ്’ എന്ന ടാഗ്‌ലൈനോടെയാണ് ഒറ്റക്കൊമ്ബന്‍ പ്രേക്ഷകന് മുന്നിലെത്തുന്നത്.
കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. ഒരു കൊമേഴ്‌സ്യല്‍ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ഒറ്റക്കൊമ്ബനിലുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇടുക്കി, വയനാട്, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഒറ്റക്കൊമ്ബന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിജയ് ഘോഷാണ്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ചിത്രം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും.