ന്യൂഡല്‍ഹി: ടി20യില്‍ 300 റണ്‍സ് അടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ഡല്‍ഹി യുവതാരം മോഹിത് അഹ്്‌ലവട്ടിനെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. റെക്കോര്‍ഡിനു പിന്നാലെ ഐപിഎല്‍ ടീമുകളിലൊന്നായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മോഹിതിനെ തേടി എത്തിയിരിക്കുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നടത്തുന്ന കളിക്കാരുടെ ട്രയല്‍സിലേക്കാണ് മൊഹിതിന് ക്ഷണം ലഭിച്ചിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് അഡ്മിനിസ്‌ട്രേറ്റര്‍മാരില്‍ ഒരാളുമായ സുനില്‍ വല്‍സണാണ് മൊഹിതിനെ ട്രയലിനായി ക്ഷണിച്ചിരിക്കുന്നത്. ട്രയല്‍സില്‍ കഴിവുതെളിയിച്ചാല്‍ മോഹിതിനെ കാത്തിരിക്കുന്നത് ഐപിഎല്‍ കളിക്കാനുളള സുവര്‍ണാവസരമാണ്. ‘വല്‍സനില്‍ നിന്നും ട്രയലിന് ഹാജറാകാന്‍ ആവശ്യപ്പെട്ട് മൊഹിതിന് വിളി വന്നിട്ടുണ്ട്, അദ്ദേഹം എല്ലാം കൊണ്ടും മികച്ച കളിക്കാരനാണ്, കൂടാതെ നല്ലൊരു കീപ്പറും’ അഹ്്‌ലവട്ടിന്റെ കോച്ച് സഞ്ജയ് ഭരത്‌വാജ് പറയുന്നു. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റേയും കുട്ടികാലത്തെ കോച്ചായിരുന്നു സഞ്ജയ്.

കഴിഞ്ഞ ദിവസം ഫ്രണ്ട്‌സ് 11ന് എതിരെ മാവി 11നായാണ് മോഹിത് ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചത്. കേവലം 72 പന്തുകളില്‍ നിന്നാണ് മോഹിതിന്റെ ട്രിപ്പിള്‍ സെഞ്ച്വറി. ഇതില്‍ 39 സിക്‌സും 14 ഫോറും ഉള്‍പ്പെടും. 18 ഓവറില്‍ 250 റണ്‍സിലെത്തിയ താരം കേവലം രണ്ട് ഓവറുകളിലായിരുന്നു അവസാന 50 റണ്‍സെടുത്തത്. 18 റണ്‍സും 34 റണ്‍സുമാണ് അവസാന രണ്ട് ഓവറില്‍ ഇദ്ദേഹം നേടിയത്.

അവസാന ഓവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്‌സ് സഹിതമായിരുന്നു മോഹിതിന്റെ ഇന്നിങ്‌സ്. മോഹിതിന്റെ തകര്‍പ്പന്‍ ട്രിപ്പിള്‍ സെഞ്ച്വറിയുടെ മികവില്‍ 20 ഓവറില്‍ 416 റണ്‍സാണ് മാവി ഇലവന്‍ നേടിയത്. മോഹിതിനെ കൂടാതെ ഗൗരവ് 86 റണ്‍സും എടുത്തു. ലോക ക്രിക്കറ്റില്‍ ടി20യിലെ ഉയര്‍ന്ന സ്‌കോര്‍ ക്രിസ് ഗെയിലിന്റെ പേരിലാണ്. 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നേടിയ 175 റണ്‍സാണ് അത്.