ബഗ്ദാദ്: ഇറാഖിലെ മൊസൂള്‍ നഗരത്തെ ഇസ്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളില്‍നിന്ന് മോചിപ്പിക്കാന്‍ നടത്തുന്ന യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മികച്ച നേട്ടം കൈവരിച്ചതായി ഇറാഖ് സേനയും കുര്‍ദിഷ് പോരാളികളും അവകാശപ്പെട്ടു.

മൊസൂളിനു ചുറ്റുമുള്ള 200 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഐ.എസില്‍നിന്ന് മോചിപ്പിച്ചതായി ഇറാഖി കുര്‍ദിസ്താന്‍ പ്രസിഡണ്ട് മസ്ഊദ് ബര്‍സാനി പറഞ്ഞു. ഭീകരക്കെതിരായ യുദ്ധം നിര്‍ണായക വഴിത്തിരില്‍ എത്തിയതായും അദ്ദേഹം അറിയിച്ചു. സൈനിക നടപടി വിജയിക്കുമെന്നും മൊസൂള്‍ മോചിതമാകുകയും ചെയ്യും. ഭീകരരില്‍നിന്നുള്ള ഭീഷണി ഇതോടെ അവസാനിച്ചുവെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും ബര്‍സാനി കൂട്ടിച്ചേര്‍ത്തു. നഗരത്തിന്റെ തെക്കും കിഴക്കും ഭാഗത്തുനിന്നാണ് സൈനികര്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്.

ഐ.എസിനെ ദുര്‍ബലമാക്കാന്‍ മേഖലയില്‍ യു.എസ് വ്യോമാക്രമണം നടത്തുന്നുണ്ട്. ഇറാഖ് സേനക്ക് യുദ്ധതന്ത്രങ്ങള്‍ ഉപദേശിച്ചും ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറിയും യു.എസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് സഹായത്തിനുണ്ടെന്ന് അമേരിക്കന്‍ സൈനിക വക്താവ് കേണല്‍ ജോണ്‍ ഡോറിയന്‍ അറിയിച്ചു. മൊസൂളിനു ചുറ്റുള്ള ഒന്‍പത് ഗ്രാമങ്ങള്‍ സൈന്യം ഐ.എസില്‍നിന്ന് തിരിച്ചുപിടിച്ചുകഴിഞ്ഞു. ഇര്‍ബീലിനും മൊസൂളിനും ഇടക്കുള്ള ദേശീയ ഹൈവേക്ക് സമീപം രണ്ടു പ്രദേശങ്ങളില്‍ ഐ.എസ് ചെറുത്തുനില്‍പ്പിന് ശ്രമിക്കുന്നുണ്ട്.

ഏറ്റുമുട്ടലില്‍ ഇന്നലെ അഞ്ച് കുര്‍ദിഷ് പോരാളികളും ഒരു ഇറാഖി സൈനികനും കൊല്ലപ്പെട്ടു. മൊസൂളിനെ മോചിപ്പിക്കാനുള്ള സൈനിക നടപടി വിചാരിക്കുന്നതുപോലെ സുഖകരമല്ലെന്നും ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതുമാണെന്നും ഇറാഖ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. ഐ.എസ് തീവ്രവാദികള്‍ പുറത്തുപോയതിനുശേഷം നഗരം ആരുടെ നിയന്ത്രണത്തില്‍ വരുമെന്ന കാര്യത്തിലും അനിശ്ചിതത്തം തുടരുകയാണ്. സൈനിക നടപടിയില്‍ പങ്കെടുക്കുന്ന ഓരോ വിഭാഗത്തിനും സ്വന്തമായ താല്‍പര്യങ്ങളുണ്ട്.