ബെതുല്‍: മധ്യപ്രദേശില്‍ പട്ടികജാതിക്കാരിയായ 14 കാരിയെ ബലാത്സംഗം ചെയ്തശേഷം ജീവനോടെ കുഴിച്ചിട്ടു. ബെതുല്‍ ജില്ലയില്‍ തിങ്കളാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗോഥഡോംഗ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ സുഷീല്‍ വര്‍മ (36) ആണ് കൃത്യം നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ ഫാമില്‍ മോട്ടോര്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പോയപ്പോഴാണ് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചതെന്ന് ബെതുല്‍ പൊലീസ് സൂപ്രണ്ട് സിമാല പ്രസാദ് പറഞ്ഞു. കുറ്റകൃത്യം മറച്ചുവെക്കാനായി പ്രതി പെണ്‍കുട്ടിയെ അഴുക്കുചാലിലൂടെ വലിച്ചിഴച്ച് സമീപത്തെ കുഴിയില്‍ ഇട്ടു. തുടര്‍ന്ന് കല്ലുകള്‍ ഉപയോഗിച്ചും മുള്ളുനിറഞ്ഞ കുറ്റിച്ചെടികള്‍കൊണ്ടും കുഴി മൂടുകയായിരുന്നു. പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താന്‍ വൈകിയപ്പോള്‍ മാതാപിതാക്കളും സഹോദരിയും അവളെ തിരഞ്ഞിറങ്ങി.

കുഴിക്ക് സമീപം എത്തിയപ്പോള്‍ കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുകയായിരുന്നെന്ന് സഹോദരി പറഞ്ഞു. കുറ്റിക്കാടുകളും കല്ലുകളും നീക്കം ചെയ്താണ് കുട്ടിയെ പുറത്തെടുത്തത്. ഐപിസി, പട്ടികജാതി, പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.