Video Stories

എം ഫോണ്‍ കേരളത്തില്‍ മൂവായിരം ജീവനക്കാരെ നിയമിക്കുന്നു

By chandrika

May 22, 2017

കൊച്ചി: മലയാളികളുടെ ആദ്യ സ്മാര്‍ട്‌ഫോണ്‍ സംരംഭമായ എംഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ കേരളത്തില്‍ വന്‍തോതില്‍ തൊഴില്‍ നിയമനങ്ങള്‍ നടത്തുന്നു. കേരളത്തില്‍ മാത്രം മൂവായിരത്തോളം ജീവനക്കാരെ നിയമിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

സ്മാര്‍ട്‌ഫോണ്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്, പ്രൊഡക്ഷന്‍, സര്‍വീസ്, ഹ്യുമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലയിലാണ് നിയമനങ്ങള്‍. നിലവില്‍ കേരളമാകെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന റീടൈല്‍ ശൃംഖലയിലേക്കാണ് 2500ല്‍ അധികം നിയമനങ്ങള്‍ നടത്തുന്നത്. എസ്എസ്എല്‍സി മുതല്‍ യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുണ്ട്. കൊറിയന്‍ സാങ്കേതിക വിദ്യയില്‍ ചൈനയില്‍ നിര്‍മ്മിക്കപ്പെടുന്ന എംഫോണ്‍ ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞമാസമാണ് വിപണിയില്‍ എത്തിയത്. ആദ്യം കേരളത്തിലും പിന്നെ ഇന്ത്യന്‍ വിപണിയൊട്ടാകെയും എന്ന രീതിയിലാണ് എംഫോണ്‍ വിപണന നയം. കേരളത്തിലെ നഗരങ്ങളിലെല്ലാം തന്നെ റീടൈല്‍ ഷോപ്പുകളില്‍ ഇപ്പോള്‍ എംഫോണ്‍ ലഭ്യമാണ്. മലയാളികള്‍ ആയതിനാല്‍ കൂടുതല്‍ മലയാളികള്‍ക്ക് ജോലി നല്‍കുക എന്നതാണ് കമ്പനി നയമെങ്കിലും, വിദേശികളും ഇതര സംസ്ഥാനക്കാരുമടങ്ങിയ സാങ്കേതിക വിദഗ്ധര്‍ നിലവില്‍തന്നെ എംഫോണ്‍ ജീവനക്കാരാണ്. ചൈനയിലെ നിര്‍മാണ പ്ലാന്റിലും ജിസിസി രാജ്യങ്ങളിലും കേരളത്തിലുമുള്ള ഓഫീസുക ളിലുമാണ് ജീവനക്കാരെ നിയമിച്ചിട്ടുള്ളത്. കേരളത്തിന് പുറത്തുള്ള അഞ്ചോളം സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളില്‍ എംഫോണ്‍ ക്യാമ്പസ് പ്ലേസ്‌മെന്റ് ക്യാമ്പുകള്‍ നടത്തിക്കഴിഞ്ഞു. സാങ്കേതിക മികവും വിദ്യാഭ്യാസ യോഗ്യതയും അര്‍പ്പണബോധവുമുള്ള യുവതീയുവാക്കള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യങ്ങളും കരിയര്‍ വളര്‍ച്ചാ സാധ്യതകളും നല്‍കുന്നതാണ് എംഫോണിന്റെ ഹ്യുമന്‍ റിസോഴ്‌സ് പോളിസി എന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇമെയില്‍ ( ഇന്‍ഫോ@എംഫോണ്‍.ഓര്‍ഗ് ), ടോള്‍ഫ്രീ നമ്പര്‍ (180042560425) എന്നിവ വഴി കമ്പനിയെ ബന്ധപ്പെടാം.