കോഴിക്കോട്: ഏറെ കെട്ടിഘോഷിച്ച് ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലക്ക് യു.ജി.സി അംഗീകരം നേടാൻ കഴിയാത്ത സാഹചര്യം ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടാൻ അനുവദിക്കില്ലെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്‌ പി.കെ നവാസും, ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരും പറഞ്ഞു.

കേരളത്തിൽ നിലവിൽ ഒന്നര ലക്ഷത്തോളം പേർ ഉന്നത വിദ്യാഭ്യാസം നടത്തുന്നത് സംസ്ഥാനത്തെ വിദൂര പ്രൈവറ്റ് രജിസ്ട്രേഷൻ സൗകര്യം ഉപയോഗപ്പടുത്തിയാണ്. പക്ഷേ കഴിഞ്ഞ വർഷം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസ് വന്നതോടെ സംസ്ഥാനത്തെ മറ്റ് സർവ്വകലാശാലകളിലെ വിദൂര വിദ്യാഭ്യാസം നിർത്തലാക്കിയ നിയമം വന്നിരുന്നു. ചില സർവ്വകലാശാലകൾ കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മാത്രം ഇളവ് നേടിയെടുത്തു. പക്ഷേ ഇത് ഫലത്തിൽ സംസ്ഥാനത്തെ ഒരു സർവ്വകലാശാലക്കും വിദൂര, പ്രൈവറ്റ് രജിസ്ട്രേഷൻ വഴി കോഴ്സുകൾ ആരംഭിക്കാനുള്ള സാഹചര്യമാണ് ഇല്ലാതാക്കിയത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കഴിഞ്ഞ വർഷം പിണറായി വിജയൻ സർക്കാർ ആരംഭിച്ച ഓപ്പൺ സർവ്വകലാശാല ഫലത്തിൽ ഒന്നര ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ പഠന സ്വപ്നങ്ങളാണ് ഇരുളിലാക്കുന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സർക്കാർ അടിയന്തിരമായി ഇടപെടാത്തത് പ്രതിഷേധാർഹമാണ്. സർക്കാർ ഉദാസീനത തുടരുന്ന പക്ഷം കേരളത്തിലെ വിദ്യാർത്ഥി യുവജനങ്ങളുടെ താൽപര്യ സംരക്ഷണത്തിന് എം.എസ്.എഫ് ശക്തമായി സമര രംഗത്തുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.