കോഴിക്കോട്: നോട്ടു നിരോധനത്തെ വിമര്‍ശിച്ച് വീണ്ടും എം.ടി വാസുദേവന്‍നായര്‍. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് തിരൂര്‍ തുഞ്ചന്‍ സാഹിത്യോത്സവം നടത്താന്‍ പോലും ആവശ്യത്തിനു പണമില്ലാത്ത അവസ്ഥയാണെന്നാണ് എം.ടി തുറന്നടിച്ചത്. പണ്ടൊക്കെയായിരുന്നെങ്കില്‍ ആരോടെങ്കിലും കടം വാങ്ങാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരുടെ കൈയിലും പണമില്ലാത്ത അവസ്ഥയാണെന്നും എം.ടി പറഞ്ഞു. സി.പി.എം പി.ബി അംഗം എം.എ ബേബി ഇന്നലെ വീട്ടിലെത്തിയപ്പോഴായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നിലെ പരസ്യ പ്രതികരണം. 15 മിനിറ്റ് നീണ്ട സംഭാഷണത്തില്‍ തന്റെ രോഗവിവരങ്ങളും ബേബിയുമായി എംടി പങ്കുവച്ചു. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീട്ടില്‍ സന്ദര്‍ശിച്ചപ്പോഴും എം.ടി നോട്ടു നിരോധനത്തിനെതിരെ അഭിപ്രായം തുറന്നു പറഞ്ഞിരുന്നു.