കെ.ബി.എ കരീം
മദീന

കോവിഡിനെ തുടര്‍ന്നുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം കേരളത്തില്‍ നിന്നുള്‍പ്പെടെ വീണ്ടും തീര്‍ഥാടകര്‍ മദീനയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് പത്തനംതിട്ട കോന്നി സ്വദേശിയായ മുഹമ്മദ് മീരാന്‍ സലീം. 32 വര്‍ഷമായി മദീനയിലെ മസ്ജിദുന്നബവിയിലെ ജീവനക്കാരനാണ് സലീം. കഴിഞ്ഞ രണ്ടു വര്‍ഷവും തീര്‍ഥാടകര്‍ ഇല്ലാതിരുന്ന മദീനയില്‍ ഈ ഹജ്ജ് സീസണ്‍ നവോന്മേഷത്തിന്റെയും അത്യന്തം ആഹ്ലാദത്തിന്റേതുമാണെന്ന് സലീം പറയുന്നു. എല്ലാവര്‍ഷവും ഹാജിമാരുടെ സേവനവുമായി ബന്ധപ്പെട്ട് കര്‍മനിരതനാണ് സലീം. കേരളത്തില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് വേണ്ടി ജീവിതം തന്നെ സമര്‍പ്പിക്കപ്പെട്ട നിലയിലാണ് സലീം ഉള്‍പ്പെടെയുള്ള അനേകം ജീവനക്കാരുടെ പ്രവര്‍ത്തനം.

തീര്‍ഥാടകര്‍ എത്താതിരുന്ന കഴിഞ്ഞരണ്ട് വര്‍ഷങ്ങളെ പോലെ, ഇനിയും ഉണ്ടാകുന്നത് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ലെന്ന് സലീം പയുന്നു. ഹജ്ജ് സീസണില്‍ കുറഞ്ഞത് 35 ലക്ഷത്തോളം തീര്‍ഥാടകര്‍ എത്തുന്ന മദീനയില്‍, കഴിഞ്ഞ രണ്ടു വര്‍ഷവും മസ്ജിദ് സ്റ്റാഫുകളും ഏതാനും തദ്ദേശീയരും മാത്രമാണ് ഉണ്ടായിരുന്നത്. ഓരോ ജമാഅത്ത് നിസ്‌കാര സമയത്തും ലക്ഷങ്ങള്‍ ഉണ്ടായിരുന്ന സ്ഥലത്ത് കഴിഞ്ഞ രണ്ടു വര്‍ഷവും പരമാവധി ഉണ്ടായത് 250 ഓളം പേര്‍ മാത്രമാണെന്ന് സലീം ഓര്‍മിക്കുന്നു. ഭൂമിയിലെ സ്വര്‍ഗം എന്ന് വിശേഷിപ്പിച്ച റൗളാശരീഫില്‍ നിസ്‌ക്കരിക്കാന്‍ പോലും ആള്‍ക്കാര്‍ ഉണ്ടാകാതിരുന്നത് വലിയ വേദനയുണ്ടാക്കി. ഇത്തവണ ഹജ്ജ് തീര്‍ഥാടകര്‍ എത്തിയതോടെ മക്കയ്ക്കും മദീനയ്ക്കും പുതുജീവന്‍ കൈവന്നെന്നും അദ്ദേഹം പറയുന്നു. സഊദി സര്‍ക്കാര്‍ 60 വയസിലെ നിര്‍ബന്ധിത വിരമിക്കല്‍ നിയമം കര്‍ശനമാക്കിയതിനാല്‍ ഒന്നര വര്‍ഷം കൂടി മാത്രമാണ് സലീം ജീവനക്കാരനായി സേവന രംഗത്തുണ്ടാവുക. മികച്ച സേവനം നടത്തിയവര്‍ക്ക് രണ്ടു വര്‍ഷം വരെ കാലാവധി നീട്ടി നല്‍കുന്ന ഇളവ് തനിക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സലീം.