മുക്കം: ഇരുവഴിഞ്ഞിപുഴയില്‍ അഗസ്ത്യന്‍ മുഴി പാലത്തിന് സമീപത്തുനിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. സൗത്ത് കൊടിയത്തുര്‍ വളപ്പില്‍ ഇത്താലുവിന്റെയും ഖദീജയുടെയും മകന്‍ ഫസലുറഹ്മാന്‍ (30) ആണ് മരിച്ചത്. വൈകുന്നേരം 5.40 ന് ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച അര്‍ധരാത്രി മണല്‍ വാരിക്കൊണ്ടിരിക്കെ പൊലീസിനെ കണ്ട് ഭയന്നോടി പുഴയില്‍ ചാടുകയായിരുന്നുവെന്നും മുക്കം ഫയര്‍ഫോഴ്‌സും പോലീസും ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടത്താനായില്ലെന്നും പൊലീസ് പറഞ്ഞു.

അതേ സമയം സംഭവത്തില്‍ ദുരൂഹത ഏറെയുള്ളതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു. പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിന്റെ തെരച്ചില്‍ പൊലീസ് തുടരാതിരുന്നതെന്തുകൊണ്ട് എന്നാണ് ബന്ധുക്കളുടെ ചോദ്യം. യുവാവിന് നീന്തല്‍ നന്നായറിയാം. പുഴയിലാകട്ടെ കൂടുതല്‍ വെള്ളമില്ലതാനും. ഇതും ആശങ്കക്ക് കാരണമായി. അതേ സമയം വെള്ളിയാഴ്ച രാത്രി ഫയര്‍ഫോഴ്‌സും പോലീസും ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടത്താനായില്ലെന്ന് പൊലീസ് പറയുന്നുമുണ്ട്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് തെരച്ചില്‍ തുടര്‍ന്നത്. മൃതദേഹം കണ്ടെത്തിയത് നാട്ടുകാരാണ് താനും. ഫസലുറഹ്മാന്റെ സഹോദരന്‍ ഫൈജാസ് ഗെയില്‍ സംഘര്‍ഷത്തില്‍ പൊലീസിന്റെ അറസ്റ്റില്‍ കുടുങ്ങി മഞ്ചേരി ജയിലില്‍ കഴിയുകയാണ്. സഹോദരി: ഫസീല.

അഗസ്ത്യന്‍ മുഴി പാലത്തിന് ചുവട്ടില്‍ അനധികൃത മണലെടുപ്പ് പതിവാണ്. നാട്ടുകാര്‍ നിരീക്ഷണം ശക്കമാക്കിയിരുന്നു.ഇതിന്റെ ഭാഗമായി ശനിയാഴ്ച പുലര്‍ച്ചെ മുക്കം പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വരികയും പോലീസ് അങ്ങോട്ട് പോവുകയുമായിരുന്നു. പോലീസിനെ കണ്ട മണല്‍ തൊഴിലാളികള്‍ ചിതറി ഓടി. വണ്ടിയില്‍ ഇരിക്കുകയായിരുന്ന ഫസല്‍ പുഴയിലേക്ക് ചാടുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.