മുംബൈ: ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരായ രൂക്ഷ വിമര്‍ശവുമായി ശിവസേന. മറ്റു രാഷ്ട്രീയക്കാരെ പരിഹസിക്കാന്‍ മാത്രമാണ് പ്രധാനമന്ത്രി വായ തുറക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രയും തരം താഴാന്‍ പാടില്ലെന്നും വിമര്‍ശിച്ച ശിവസേന. മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കാതെ ഭരണ നിര്‍വഹണത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും മോദിയെ പരിഹസിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ശിവസേന മുഖപപത്രത്തിലൂടെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നത്.

അതേസമയം, ഗോധ്ര കലാപത്തില്‍ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണം നടത്താനും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തയ്യാറായി. രാജ്യത്തെ ഞെട്ടിച്ച ഗോധ്ര കലാപത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്ഷപ്പെടുത്തിയത് ബാല്‍ താക്കറെയാണെന്ന് മകന്‍ കൂടിയായ ഉദ്ധവ് താക്കറെ പറഞ്ഞു. തന്റെ പിതാവിന്റെ അസാധാരണ പിന്തുണ മൂലമാണ് കലാപത്തിന്റെ പേരിലുണ്ടായ വിവാദങ്ങളില്‍ നിന്നും കേസുകളില്‍ നിന്നും മോദി രക്ഷപ്പെട്ടത്. ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പുയോഗത്തില്‍ സംസാരിക്കവെയാണ് താക്കറെ മോദിക്കെതിരെ ആഞ്ഞടിച്ചത്.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം ഭരണകാലമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റേതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. നാളിതുവരെ കണ്ടതില്‍ ഏറ്റവും മോശം ഭരണമാണിത്. സൈന്യം മിന്നലാക്രമണം നടത്തും, എന്നിട്ട് ബി.ജെ.പി അതിന്റെ പേരില്‍ മേനിനടിക്കും. അങ്ങനെയെങ്കില്‍ നിലവാരം കുറഞ്ഞ ഭക്ഷണം ജവാന്മാര്‍ക്ക് കൊടുത്തതിന്റെ ഉത്തരവാദിത്വവും കേന്ദ്രം ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ശത്രുക്കളുമായി അവര്‍ക്ക് യുദ്ധം ചെയ്യേണ്ടിവരുന്നത് ഒഴിഞ്ഞവയറുമായിട്ടാണെന്നും ഉദ്ധവ് കുറ്റപ്പെടുത്തി.

ഈ രാജ്യം നിലവില്‍ വന്നത് 2014 ലാണെന്നാണ് ചില ആളുകളുടെ വിചാരം. നോട്ട് നിരോധനം മൂലം 200 ലധികം പേര്‍ മരിച്ചു. ഒരു സൈനികന് പോലും നോട്ട് ക്ഷാമം കാരണം ആത്മഹത്യചെയ്യേണ്ടി വന്നുവെന്നും ഉദ്ധവ് പറഞ്ഞു

മോദിയുടെ ജാതകം ശിവസേനയുടെ കൈയിലുണ്ടെന്നും ഉദ്ധവ് പറഞ്ഞു. ഗോധ്ര കലാപത്തില്‍ നിന്ന് രക്ഷപ്പെട്ടത് എങ്ങനെയാണെന്ന് മോദിക്ക് നല്ലതു പോലെ അറിയാം. ഒന്നും മറക്കാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്. ജനിച്ച എല്ലാവര്‍ക്കും ഒരു ജാതകം ഉള്ളതു പോലെ അദ്ദേഹത്തിന്റെ ജാതകം തങ്ങളുടെ കൈയിലാണെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകളെ വാനോളം പുകഴ്ത്തിയും ശിവസേന രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ മോദിക്ക് സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വന്നേനെയെന്നായിരുന്നു ശിവസേന വ്യക്തമാക്കിയത്.

മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിനെതിരെ മോദി നടത്തിയ റെയ്ന്‍കോട്ട് പരാമര്‍ശത്തിന് നേരത്തെ കോണ്‍ഗ്രസ് ഉപാധ്യാക്ഷനും സമാനമായ മറുപടി നല്‍കിയിരുന്നു. മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിനോദമെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.