ന്യൂഡല്‍ഹി: കള്ള്, വൈന്‍, ബിയര്‍ എന്നിവയെ മദ്യമായി പരിഗണിക്കരുതെന്ന ആവശ്യവുമായി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കള്ളും വൈനും ബിയറും മദ്യമല്ലെന്ന മദ്യമല്ലെന്ന ആവശ്യം അറിയിച്ചത്.

പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. വിധിയില്‍ ബാറുകളും കള്ളുഷാപ്പുകളും അടക്കമുള്ള എല്ലാ മദ്യശാലകളും ഉള്‍പ്പെടുമോ എന്നതാണ് തര്‍ക്ക വിഷയം. വിധി ബാറുകള്‍ക്കും ബാധകമാണോ എന്ന് വ്യക്തമാക്കണമെന്നും ഔട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം വേണമെന്നുമാണ് സര്‍ക്കാറിന്റെ ആവശ്യം. ഇതേ കാര്യമുന്നയിച്ചുകൊണ്ട് ബെവ്കോയും സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്.

പാതയോരത്തുള്ള നൂറ്റിയെണ്‍പത് മദ്യശാലകളാണ് മാര്‍ച്ച് 31ന് മുന്‍പ് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാല്‍, 25 എണ്ണമേ ഇതുവരെ മാറ്റാനായിട്ടുള്ളു. ബാക്കി 155ഉം ജനകീയ പ്രതിഷേധങ്ങള്‍ കാരണം പാതയോരത്തുതന്നെ തുടരുകയാണ്. എംഎല്‍എമാരുടെ സഹായത്തോടെയെങ്കിലും മാറ്റി സ്ഥാപിക്കണമെന്ന് എംഡി നിര്‍ദേശിച്ചെങ്കിലും അതും നടന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു വര്‍ഷത്തെ സാവകാശം തേടി സുപ്രീംകോടതിയെ സമീപിച്ചത്.