കോഴിക്കോട്: കോവിഡ് മരണങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മയ്യിത്തുകള്‍ പരിപാലിച്ചു സംസ്‌കരിക്കുന്നതിന് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇളവുകള്‍ അനുവദിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പ്രോട്ടോകോള്‍ പാലിച്ച് സമൂഹത്തിലെ എല്ലാ മേഖലകളിലും കാര്യമായ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ മൃതദേഹത്തോട് അനാദരവ് പുലര്‍ത്തുന്ന വിധത്തില്‍ സംസ്‌കരിക്കേണ്ടി വരുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. മൃതദേഹത്തോട് മാന്യത പുലര്‍ത്തണമെന്ന് ഭരണഘടനയുടെ 21-ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. ലോകാരോഗ്യസംഘടന ഇക്കാര്യം പ്രത്യേകം എടുത്തുപറയുന്നുമുണ്ട്.

ഇപ്പോള്‍ കോവിഡ് ബാധിച്ചുമരിച്ച മൃതദേഹങ്ങളോട് കോവിഡ് പ്രോട്ടോകോളിന്റെ പേരില്‍ അനാദരവ് കാട്ടുന്നില്ലേയെന്ന് അധികൃതര്‍ പരിശോധിക്കേണ്ടതുണ്ട്. ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ പോലുമില്ലാത്ത വ്യവസ്ഥകളാണ് ഈ വിഷയത്തില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളതെന്ന കാര്യം വേദനാജനകമാണ്. വിദഗ്ധ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരെ ഉപയോഗിച്ച് മയ്യിത്ത് കുളിപ്പിച്ച് മറവുചെയ്യാനുള്ള ഇളവ് ഭരണകൂടം അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍, ടി.പി അബ്ദുള്ളക്കോയ മദനി, എം.ഐ അബ്ദുല്‍ അസീസ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, എ. നജീബ് മൗലവി, ടി.കെ അഷ്‌റഫ്, സി.പി ഉമര്‍ സുല്ലമി, അബ്ദുല്‍ ഖൈര്‍ മൗലവി, ഹാഫിള് അബ്ദുല്‍ ഷുക്കൂര്‍ അല്‍ ഖാസിമി, വി.എച്ച് അലിയാര്‍ കെ. ഖാസിമി എന്നിവര്‍ ആവശ്യപ്പെട്ടു.