പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെ വയനാട്ടുകാര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് സഹോദരി പ്രിയങ്കാ ഗാന്ധി.

രാഹുല്‍ ഗാന്ധിയെ ഹൃദയത്തിലേറ്റണമെന്ന് വയനാട്ടിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ‘എന്റെ സഹോദരന്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, എനിക്ക് അറിയാവുന്നതില്‍ വെച്ച് ഏറ്റവും ധൈര്യശാലിയായ ആള്‍. വയനാട്ടുകാരേ, രാഹുലിനെ നിങ്ങള്‍ കാക്കണം. അദ്ദേഹം നിങ്ങളെ വിട്ടേച്ചുപോവില്ല…’ പ്രിയങ്ക ട്വീറ്ററില്‍ കുറിച്ചു. വയനാട്ടിലെത്തി രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചതിനു പിന്നാലെയായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. കലക്ടറേറ്റില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പമെത്തിയാണ് രാഹുല്‍ പത്രിക നല്‍കിയത്. കലക്ടര്‍ക്കു മുമ്പില്‍ രാഹുല്‍ പത്രിക സമര്‍പ്പിക്കുന്ന പ്രിയങ്ക പകര്‍ത്തിയ ചിത്രവും ട്വീറ്റിനൊപ്പം പങ്കുവച്ചു.

വയനാട്ടില്‍ നടന്ന റോഡ് ഷോക്കിടയില്‍ പരിക്ക് പറ്റിയ മാധ്യമ പ്രവര്‍ത്തകനെ പരിചരിക്കാനും ആസ്പത്രിയിലേക്ക് എത്തിക്കാനും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശ്രമിച്ചത് വലിയ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകന്റെ ഷൂസും കൈയില്‍ പിടിച്ചു അനുഗമിക്കുന്ന പ്രിയങ്കയുടെ ദൃശ്യങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.