നയ്പിറ്റോ: അണക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്ന് മ്യാന്മാറില്‍ മഹാ പ്രളയം. നൂറോളം ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പ്രളയക്കെടുതിയില്‍ ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമ്പതിനായിരത്തോളം ആളുകളെ വീടുകളില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ബാഗോ പ്രവിശ്യയിലെ സ്വര്‍ ഷൗങ് അണക്കെട്ടാണ് തകര്‍ന്നത്.

സംഭരണ ശേഷി കവിഞ്ഞതിനെത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ നിറഞ്ഞൊഴുകിയിരുന്നു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ തുടരുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെയോടെ സ്പില്‍വേ തകര്‍ന്ന് വെള്ളം ഒഴുകുകയായിരുന്നു.

ജൂണ്‍ മുതല്‍ പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടായി രണ്ടു ലക്ഷത്തോളം പേര്‍ ഭവനരഹിതരായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. പ്രധാന നഗരങ്ങളായ യാംഗൂണിനയെും മാണ്ഡലെയും ബന്ധിപ്പിക്കുന്ന ദേശീയപാത തകര്‍ന്നതിനാല്‍ ഇരു നഗരങ്ങളിലേക്കുമുള്ള ഗതാഗതവും തലസ്ഥാന നഗരമായ നയ്പിറ്റോയിലേക്കുമുള്ള ഗതാഗതവും പൂര്‍ണമായും സ്തംഭിച്ചു.

Watch Video: