യാങ്കൂണ്‍: റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യാനാണ് സൈന്യം ശ്രമിക്കുന്നതെന്ന ആരോപണം മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകി നിഷേധിച്ചു. മ്യാന്മറില്‍ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്ന് ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരിക്കെയാണ് സൈനിക നടപടിയെ ന്യായീകരിച്ച് സൂകി രംഗത്തെത്തിയിരിക്കുന്നത്.

റോഹിന്‍ഗ്യന്‍ മുസ്്ലിംകള്‍ ജീവിക്കുന്ന റാഖിന്‍ സ്‌റ്റേറ്റില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍ അവിടെ നടക്കുന്ന സൈനിക നടപടിയെ വിശേഷിപ്പിക്കാന്‍ വംശീയ ഉന്മൂലനമെന്ന പദം ഉപയോഗിക്കുന്നത് ശരയില്ലെന്ന് ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ സൂകി വ്യക്തമാക്കി. നൂറുകണക്കിന് മുസ്്‌ലിംകള്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കുടിയിറക്കപ്പെടുകയും ചെയ്ത സൈനിക നടപടിയെ വെള്ളപൂശാനാണ് സൂകി അഭിമുഖത്തില്‍ ഉടനീളം ശ്രമിച്ചത്. മുസ്്‌ലിംകള്‍ തന്നെയാണ് മുസ്്‌ലിംകളെ കൊല്ലുന്നതെന്നാണ് സൂകിയുടെ വിചിത്രമായ പുതിയ കണ്ടുപിടുത്തം. വിഭജിച്ചുനില്‍ക്കുന്ന വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് അവിടെ നടക്കുന്നത്. ഈ വിടവ് നികത്താന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ അവകാശപ്പെട്ടു. സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ തുടങ്ങിയ ശേഷം 75,000 റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്. കുട്ടികളടക്കമുള്ള നിരപരാധികളെ സൈന്യം കൂര്രമായി കൊലപ്പെടുത്തുകയും മുസ്്‌ലിം സ്ത്രീകള്‍ കൂട്ടബലാത്സത്തിനിരയാവുകയും ചെയ്‌പ്പോഴെല്ലാം സമാധാന നൊബേല്‍ പുരസ്‌കാരം നേടിയ സൂകി മൗനം പാലിക്കുകയാണുണ്ടായത്. അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധത്തിന് കാരമണമായ കൂട്ടക്കുരുതിയെക്കുറിച്ച് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന് സൂകിയുടെ മറുപടി ഇങ്ങനെയായിരുന്നു: 2013 മുതല്‍ ഇതേ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്. എന്നോട് ചോദിച്ചതിനെല്ലാം ഞാന്‍ മറുപടി പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും ഞാന്‍ ഒന്നും മിണ്ടുന്നില്ലെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. എന്നാല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ എന്നെക്കിട്ടില്ല. ആളുകള്‍ ആവശ്യപ്പെടുന്നതുപോലെ ഏതെങ്കിലും സമുദായങ്ങളെ അപലപിക്കാനും ഞാന്‍ ഇല്ലെന്ന് സൂകി വ്യക്തമാക്കി. റോഹിന്‍ഗ്യന്‍ മേഖലയില്‍ സൈന്യം നടത്തുന്നത് വംശീയ ഉന്മൂലനമാണെന്ന് ഐക്യരാഷ്ട്രസഭ തെളിവുകള്‍ നിരത്തി ആവര്‍ത്തിക്കുമ്പോഴും സൈനികരുടെ ക്രൂരതകള്‍ക്കുനേരെ കണ്ണടക്കുകയാണ് സൂകി ചെയ്യുന്നത്. സൈനികരുടെ ബലാത്സംഗത്തിനിരയായിക്കൊണ്ടിരുന്ന സ്ത്രീയുടെ കുഞ്ഞിനെ പാലിനുവേണ്ടി കരഞ്ഞതിന് പട്ടാളക്കാര്‍ കുത്തിക്കൊന്ന സംഭവം യു.എന്‍ മനുഷ്യവകാശ മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യു.എന്‍ തെളിവുകള്‍ മുന്നിലിരിക്കുമ്പോഴും സൈനിക നടപടിയെ എതിര്‍ത്തുകൊണ്ട് ഒരു വാക്കുപോലും പറയാന്‍ സൂകി അഭിമുഖത്തില്‍ തയാറായില്ല. ബലാത്സംഗം ചെയ്യാനും കൊള്ളയടിക്കാനും പീഡിപ്പിക്കാനും ഭരണകൂടം സൈനികര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. പകരം റാഖിനിലേക്ക് പോയി പോരാടാനാണ് തങ്ങള്‍ പറഞ്ഞതെന്നായിരുന്നു സൂകിയുടെ പ്രതികരണം. സൈനിക കാര്യങ്ങള്‍ സൈനികര്‍ക്ക് വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയാണ് മ്യാന്മര്‍ ഭരിക്കുന്നത്. ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തി പൗരത്വം പോലും നിഷേധിക്കപ്പെട്ട റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളോട് മുന്‍ പട്ടാള ഭരണകൂടങ്ങളെക്കാള്‍ വലിയ നിഷേധാത്മക നിലപാടാണ് സൂകിയുടെ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.