കണ്ണൂര്‍: സിപിഎം നേതാവും എംഎല്‍എയുമായ എഎന്‍ ഷംസീറിന്റെ ഭാര്യ ഷഹലക്ക് കണ്ണൂര്‍ സര്‍വ്വകലാശാല റാങ്ക് പട്ടിക മറികടന്ന് നിയമനം നല്‍കിയതായി പരാതി. സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ എംഎഡ് വിഭാഗത്തില്‍ നടന്ന അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള കരാര്‍ നിയമനത്തിലാണ് ക്രമക്കേട്. ആദ്യറാങ്കുകാരിയെ ഒഴിവാക്കിയാണ് രണ്ടാം റാങ്കുകാരിയായ ഷഹലയെ നിയമിച്ചത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഒന്നാം റാങ്കുകാരി അറിയിച്ചു. എന്നാല്‍ നിയമനത്തില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന് സര്‍വ്വകലാശാല അറിയിച്ചു.
അതേസമയം സംവരണാടിസ്ഥാനത്തിലാണ് നിയമനം നടന്നതെന്നും അതിനാലാണ് ഷഹലയെ നിയമിച്ചതെന്നുമാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. എന്നാല്‍ പൊതുനിയമനത്തിന് വേണ്ടിയാണു വിജ്ഞാപനമിറക്കിയത്. സര്‍വകലാശാല ജൂണ്‍ എട്ടിന് ഇറക്കിയ വിജ്ഞാപനത്തില്‍ സംവരണക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നില്ല. കൂടാതെ കരാര്‍ നിയമനത്തില്‍ സംവരണം പാലിക്കാന്‍ നിയമമുണ്ടെങ്കിലും ഓരോ ഒഴിവുകളിലായി നിയമനം നടത്തുക വഴി കണ്ണൂര്‍ സര്‍വ്വകലാശാല സംവരണം അട്ടിമറിക്കുകയായിരുന്നു. ഒരു വകുപ്പില്‍ ഒരു ഒഴിവ് വരുമ്പോള്‍ അതിലേക്കുള്ള നിയമനത്തില്‍ സംവരണം പാലിക്കുന്നതു വഴിയുണ്ടാവുന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് സംവരണം പാലിക്കാതിരുന്നത്. ഈ സംഭവത്തില്‍ ഉദ്യോഗാര്‍ത്ഥി സിപിഎം നേതാവിന്റെ ഭാര്യ ആയതിനാല്‍ സംവരണത്തിന്റെ തണലില്‍ അനധികൃത നിയമനം നല്‍കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.