ലഖ്‌നൗ: സൂര്യനമസ്‌കാരത്തിലെ ആസനകള്‍ നിസ്‌കാരത്തിലെ കര്‍മങ്ങളോട് സമാനമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവിലെ യോഗമഹോത്സവത്തോടനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇസ്‌ലാം മതത്തിലെ കര്‍മാനുഷ്ഠാനമായ നിസ്‌കാരത്തെയും സൂര്യനമസ്‌കാരത്തെയും സാമ്യപ്പെടുത്തിക്കൊണ്ട് സംസാരിച്ചത്.

സൂര്യനമസ്‌കാരത്തിലെയും പ്രാണയാമയിലെയും എല്ലാ ആസനകളും മുസ്‌ലിംകള്‍ നിസ്‌കരിക്കുന്നത് പോലെയാണ് എന്നായിരുന്നു ആദിത്യനാഥ് സ്വന്തം പ്രസ്താവനയെ വിശദീകരിച്ചത്.

മൂന്ന് വര്‍ഷം മുമ്പ് വരെ വര്‍ഗീയമെന്ന് കരുതപ്പെട്ടിരുന്ന യോഗ പ്രധാനമന്ത്രിയുടെ ഇടപെടല്‍ മൂലമാണ് ജനകീയമായതെന്നും യു.പി മുഖ്യന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ സര്‍ക്കാര്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്നും അവക്കുള്ള പരിഹാരങ്ങളെക്കുറിച്ചും തനിക്ക് നല്ല ധാരണയുണ്ടെന്നും യോഗി തുറന്നടിച്ചു.