കൊച്ചി: ഇന്നലെ അന്തരിച്ച യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ ഖബറടക്കം ഇന്ന്. സ്വദേശമായ നരണിപ്പുഴയിലെ
ജുമാ മസ്ജിദില്‍ ഇന്ന് ഉച്ചക്കാണ് ചടങ്ങുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന ഷാനവാസിനെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ (37) ഇന്നലെയാണ് വിട വാങ്ങിയത്. രാത്രി 10.20നാണ് മരണം സംഭവിച്ചത്. കോയമ്പത്തൂരിലെ കെജി ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്കാണ് ഷാനവാസിനെ എത്തിച്ചത്. കോയമ്പത്തൂരില്‍ നിന്നും റോഡ് മാര്‍ഗമായിരുന്നു യാത്ര.

പൊന്നാനി നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം. എഡിറ്ററായി സിനിമ രംഗത്ത് എത്തിയ ഷാനവാസ് 2015ല്‍ പുറത്തെത്തിയ ‘കരി’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്. ജയസൂര്യയെയും അദിതി റാവു ഹൈദരിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘സൂഫിയും സുജാതയും’ ആണ് ശ്രദ്ധേയമായ ചിത്രം.