വാഷിംഗ്ടണ്‍: നാസയുടെ ചൊവ്വാ ദൗത്യം പെഴ്‌സിവിയറന്‍സ് റോവര്‍ ആദ്യ കളര്‍ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ചു. ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍നിന്നു സെല്‍ഫി ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് പെഴ്‌സിവിയറന്‍സ് ഭൂമിയില്‍ എത്തിച്ചത്.
ലാന്‍ഡിങ്ങിന്റെ വിഡിയോ ദൃശ്യങ്ങളില്‍നിന്നുള്ള ചിത്രമാണ് ഇതെന്ന് നാസ അറിയിച്ചു. നേരത്തെ നടത്തിയ ചൊവ്വ ദൗത്യങ്ങളില്‍നിന്നു വ്യത്യസ്തമായി പെഴ്‌സിവിയറന്‍സില്‍ ഉള്ളത് ഭൂരിഭാഗവും കളര്‍ കാമറകളാണ്. ഏഴു മാസത്തെ യാത്രയ്ക്ക് ഒടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പെഴ്‌സിവിയറന്‍സ് റോവര്‍ ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില്‍ ഇറങ്ങിയത്.
പാരച്യൂട്ടുകള്‍ ഉപയോഗിച്ച് പേടകത്തിന്റെ വേഗം കുറച്ച് റോവര്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. പെഴ്‌സിവിയറന്‍സ് റോവറും ഇന്‍ജെന്യുറ്റി എന്നു പേരിട്ടിരിക്കുന്ന ചെറു ഹെലികോപ്റ്ററുമാണ് ദൗത്യത്തിലുള്ളത്. മറ്റൊരു ഗ്രഹത്തില്‍ ഹെലികോപ്റ്റര്‍ പറത്തുന്ന ആദ്യ ദൗത്യമാണ് ഇതെന്ന സവിശേഷതയുമുണ്ട്.
2020 ജൂലൈ 30നാണ് പെഴ്‌സിവിയറന്‍സ് വിക്ഷേപിച്ചത്. അറ്റ്‌ലസ് 5 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഒരാഴ്ചയ്ക്കുള്ളില്‍ ചൊവ്വയിലെത്തുന്ന മൂന്നാമത്തെ ദൗത്യമാണിത്.
ഒന്‍പത് ഉപഗ്രഹങ്ങള്‍ മാത്രമാണ് ഇതുവരെ ചൊവ്വയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തിട്ടുള്ളത്. യുഎസ് വിക്ഷേപിച്ചവയാണ് ഒന്‍പതും. ഒരു ചെറുകാറിന്റെ വലുപ്പമാണ് പെഴ്‌സിവിയറന്‍സ് റോവറിനുള്ളത്. ചൊവ്വയില്‍ ജീവന്‍ നിലനിന്നിരുന്നോയെന്ന് അറിയാനാവും റോവറിന്റെ ശ്രമം. ജലം നിറഞ്ഞ നദികളും തടാകവും 350 കോടി വര്‍ഷം മുന്‍പ് ജെസീറോയില്‍ ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. 2031 ല്‍ സാമ്പിളുമായി പേടകം ഭൂമിയില്‍ മടങ്ങിയെത്തും. പരീക്ഷണത്തിനുള്ള ഏഴ് ഉപഗ്രഹങ്ങളും 23 കാമറകളും രണ്ട് മൊക്രോഫോണും പേടകത്തിലുണ്ട്.
Be the first to write a comment.