കോഴിക്കോട്: തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് എതിര്‍ക്കപ്പടേണ്ട ഒന്നല്ലെന്നും അത് സിനിമയോടുള്ള ആദരം കൂടിയാണെന്നും നടന്‍ മോഹന്‍ലാല്‍. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. ദേശീയ ഗാനത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നോട്ട് നിരോധനത്തെ അനുകൂലിച്ചെഴുതി അതിനുപിന്നാലെയാണ് ഇപ്പോള്‍ ദേശീയഗാനവിവാദത്തിലും ലാല്‍ നിലപാട് പരസ്യമാക്കിയത്. കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധനത്തെ പിന്തുണച്ചെഴുതിയ ബ്ലോഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍വിമര്‍ശനമാണ് ലഭിച്ചിരുന്നത്.

അതേസമയം മകന്‍ പ്രണവിന്റെ നായകനായുള്ള വരവിന് താനും കാത്തിരിക്കുന്നുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്.