റാഞ്ചി: ദേശീയ ഗുസ്തി താരം വിശാല്‍കുമാര്‍ വര്‍മ വൈദ്യുതാഘാതമേറ്റ് മരിച്ചു. 25 വയസായിരുന്നു. റാഞ്ചിയിലെ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയ താരം സ്‌റ്റേഡിയത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിച്ചതെന്നാണ് പ്രാഥമിക നിഗമനം.

prowrestling-759

ജാര്‍ഖണ്ഡ് സ്റ്റേറ്റ് റസലിങ് അസോസിയേഷന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിലാണ് താരത്തിന് ദാരുണാന്ത്യം. ബോധരഹിതനായി കിടന്ന വിശാലിനെ മറ്റ് താരങ്ങളും നാട്ടുകാരും ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിശാലിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സ്റ്റേറ്റ് റസ്‌ലിങ് അസോസിയേഷന്‍ പ്രസിഡന്റ് ഭോലനാഥ് സിങ് പറഞ്ഞു. വിശാലിന്റെ നാല് സഹോദരിമാരില്‍ ഒരാള്‍ക്ക് ജോലി ലഭിക്കുന്നതു വരെ പ്രതിമാസം 10,000 രൂപ വീതം നല്‍കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.