തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്റെ പരിസ്ഥിതി സാക്ഷരതാ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വ്വേ നവംബര്‍ 12 തിങ്കളാഴ്ച ആരംഭിക്കും. നവംബര്‍ 20 വരെയാണ് സര്‍വ്വേ. ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, തുടര്‍വിദ്യാഭ്യാസ പ്രേരക്മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വ്വേ നടത്തുന്നത്.
സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പരിസ്ഥിതി സാക്ഷരതാസര്‍വ്വേ നടക്കും. സാധാരണ കുടുംബങ്ങള്‍, പട്ടികജാതി-വര്‍ഗം, മത്സ്യത്തൊഴിലാളികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയാണ് സര്‍വ്വേ നടത്തുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേയുടെ ചോദ്യാവലി തയ്യാറാക്കിയിട്ടുള്ളത്. പ്രാദേശികമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാനും അവ രേഖപ്പെടുത്തുവാനുമുള്ള അവസരവും നല്‍കും.
ബ്ലോക്ക്തല സര്‍വ്വേ വിവരങ്ങള്‍ ജില്ലാതലത്തില്‍ ക്രോഡീകരിക്കും. 14 ജില്ലകളില്‍ നിന്നും ക്രോഡീകരിച്ച വിവരങ്ങള്‍ സംസ്ഥാനതലത്തില്‍ അപഗ്രഥിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കും. പരിസ്ഥിതി പ്രമുഖര്‍, മാധ്യമപ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി കൂടിയാലോചിച്ച് അന്തിമരൂപം നല്‍കുന്ന സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ ആരംഭിക്കും. സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയില്‍ ജനകീയ കാമ്പയിനായിട്ടാകും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പരിസ്ഥിതി അവബോധം ആര്‍ജ്ജിക്കാന്‍ സഹായിക്കുക, പരിസ്ഥിതി സംരക്ഷണത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിനും സാമൂഹ്യ ഇടപെടല്‍ നടത്തുന്നതിനും സമൂഹത്തെ പ്രാപ്തമാക്കുക, പരിസ്ഥിതി സൗഹൃദപരമായ വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പരിസ്ഥിതി സാക്ഷരതാ സര്‍വ്വേ, ബോധവല്‍ക്കരണ പരിപാടികള്‍, ജൈവകൃഷി, വാര്‍ഡ് തലത്തില്‍ പരിസ്ഥിതി കൂട്ടായ്മകള്‍ രൂപീകരിക്കല്‍, പരിസ്ഥിതി സന്ദേശയാത്ര, പരിസ്ഥിതി ഡയറക്ടറി തയ്യാറാക്കല്‍, പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണം, നീര്‍ത്തട വികസനാധിഷ്ഠിത പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തല്‍, ചെലവ് കുറഞ്ഞ വീട് നിര്‍മ്മാണം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നത്.
സര്‍വ്വേയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന് തൃശൂര്‍ ഇലഞ്ഞിക്കുളത്ത് നടക്കും. വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മേയര്‍ അജിതജയരാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ.കെ.രാജന്‍ എം.എല്‍.എ സര്‍വ്വേ ഫോറങ്ങള്‍ വിതരണം ചെയ്യും. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല സ്വാഗതം ആശംസിക്കും.