കശാപ്പ് നിയന്ത്രണ ഉത്തരവിനെക്കുറിച്ച് നടത്തിയ ലൈവ് ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി നേതാവിനെ ഡിസ്‌കഷന്‍ പാനലില്‍ നിന്നും പുറത്താക്കി എന്‍ഡിടിവി അവതാരകയുടെ ഞെട്ടിക്കുന്ന പ്രതികരണം. എന്‍ഡിടിവി കേന്ദ്ര സര്‍ക്കാരിനെതിരായ അജണ്ട നടപ്പിലാക്കുകയാണെന്ന ഗുരുതര ആരോപണമുന്നയിച്ചതിനെത്തുടര്‍ന്നാണ് ബിജെപി നേതാവ് സാംബിത് പാട്രയെ ചാനല്‍ അവതാരക നിധി റസ്ദാന്‍ ഗെറ്റൗട്ടടിച്ചത്.

ചാനല്‍ ചര്‍ച്ച നടക്കുന്നതിനിടെ ഇടക്കു കയറിയ ബിജെപി നേതാവ് സാംബിത് പാട്ര എന്‍ഡിടിവി മോദി സര്‍ക്കാരിനെതിരായ അജണ്ട നടപ്പിലാക്കുകയാണെന്നും ഇതംഗീകരിക്കാനാവില്ലെന്നും തുറന്നടിച്ചു. ആരോപണം നിഷേധിച്ച അവതാരക ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ഓര്‍മപ്പെടുത്തിയെങ്കിലും ബിജെപി നേതാവ് ആരോപണം വീണ്ടും ആവര്‍ത്തിക്കുകയാണുണ്ടായത്.
സഹികെട്ട ചാനല്‍ അവതാരക നിധി റസ്ദാന്‍ അങ്ങനെയെങ്കില്‍ താങ്കള്‍ക്ക് പാനലില്‍ നിന്നും പുറത്തുപോവാമെന്ന് മാന്യമായി അറിയിച്ചു. പാനലില്‍ നിന്ന് പുറത്തുപോവില്ലെന്ന് മാത്രമല്ല, ഇവിടെ ഇരുന്നു കൊണ്ടു തന്നെ എന്‍ഡിടിവിയുടെ അജണ്ട വിളിച്ചു പറയുമെന്നായി സാംബിത് പാട്ര.
ഇത്രയുമായതോടെ അവതാരക ചര്‍ച്ചയില്‍ നിന്നും താങ്കള്‍ പുറത്തുപോവണമെന്ന് ശഠിച്ചു. വാഗ്വാദം മുറുകുമ്പോള്‍ ചര്‍ച്ചക്കെത്തിയ മറ്റു പാനല്‍ അംഗങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ബിജെപി നേതാവ് പുറത്തുപോവാന്‍ തയാറല്ലെന്ന് കണ്ടതോടെ അവതാരക മറ്റു അതിഥികളോട് ചോദ്യങ്ങള്‍ ചോദിച്ച് ചര്‍ച്ച പൂര്‍ത്തിയാക്കുകയായിരുന്നു.