ന്യൂഡല്‍ഹി: സിയാച്ചിനിലെ കൊടുംമഞ്ഞില്‍ കാവലിരിക്കുന്ന പട്ടാളക്കാരന്‍ എന്ന അടിക്കുറിപ്പോടെ ബി.ജെ.പി എം.പിയും നടിയുമായ കിരണ്‍ ഖേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് റഷ്യന്‍ പട്ടാളക്കാരന്റെ ഫോട്ടോ. ചിത്രത്തോടൊപ്പം ദേശാഭിമാനം തുളുമ്പുന്ന കമന്റും എല്ലാവരോടും ഷെയര്‍ ചെയ്യണമെന്ന ആഹ്വാനവും ഉണ്ടായിരുന്നു. കിരണ്‍ ഖേറിനെ കൂടാതെ ബോളിവുഡ് നടി ശ്രദ്ധ കപൂറിനും ഇതേ അമളി പറ്റിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ പൊള്ളയായ പോസ്റ്റുകളെ കണ്ടെത്തി പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും വ്യക്തികളുമാണ് ഈ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. അതേസമയം പോസ്റ്റ് ഇതുവരെയും പിന്‍വലിച്ചിട്ടില്ല

നേരത്തെ സമാന ചിത്രം ലാഫിംഗ് കളേഴ്‌സ് എന്ന ഫേസ്ബുക്ക് പേജ് കഴിഞ്ഞ വര്‍ഷം ഷെയര്‍ ചെയ്തിരുന്നു. ഇതാണ് ബി.ജെ.പി എം.പികൂടിയായ കിരണ്‍ ഖേര്‍ വീണ്ടും പോസ്റ്റ് ചെയ്തത്. കിരണ്‍ ഖേറിനേയും ശ്രദ്ധയേയും കളിയാക്കി നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന വ്യാജ ചിത്രങ്ങള്‍ കണ്ടുകൊണ്ടല്ല ഞങ്ങളില്‍ രാജ്യ സ്‌നേഹം വളരുന്നത് എന്നതാണ് ഒരാളുടെ കമന്റ്. ബി.ജെ.പി എം.പി എന്ന നിലയില്‍ നിങ്ങളിലുള്ള പ്രതീക്ഷ നിങ്ങള്‍ കാത്തു എന്നാണ് മറ്റൊരാളുടെ പരിഹാസം. തെറ്റാണെന്നു മനസിലായിട്ടും എന്തുകൊണ്ടാണ് താങ്കള്‍ പോസ്റ്റ് പിന്‍വലിക്കാത്തതെന്നാണ് മറ്റൊരു ചോദ്യം.