തിരുവനന്തപുരം: കഴിഞ്ഞ ദിവസം പി.എസ്.സി നടത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ഥിയുടെ കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പരീക്ഷക്ക് റഫ് വര്‍ക്ക് ചെയ്യാനുള്ള പേപ്പറില്‍ എഴുതിയ കവിത കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

സംഗതി രസകരമായതിനാലാണ് ഷെയര്‍ ചെയ്യുന്നതെന്നും എഴുതിയ ആളെ അറിയാമെങ്കില്‍ മെന്‍ഷന്‍ ചെയ്യണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഇത് കണ്ടിട്ട് ആരും കവിത എഴുതി ഇങ്ങോട്ട് അയക്കരുതെന്ന അപേക്ഷയും പൊലീസിനുണ്ട്.

ഇത്ര അറിവുള്ളവരാണ് പൊലീസുകാര്‍ എന്ന് അറിഞ്ഞിരുന്നില്ല. ഇനിയൊരിക്കലും പൊലീസുകാരെ കളിയാക്കില്ലെന്നും കവിതയില്‍ പറയുന്നു. പി.എസ്.സി കവിത എന്ന തലക്കെട്ടിലാണ് കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്.

പി.എസ് .സി. കവിത..
—————————–
മിഴികൾ നിറയുന്നു 
കൈകൾ വിറക്കുന്നു
തൊണ്ട ഇടറുന്നു
ആകെ വിറക്കുന്നു 
അറിഞ്ഞിരുന്നില്ല ഞാൻ 
പോലീസുകാർക്കിത്ര 
അറിവുണ്ടെന്ന സത്യമേതും 
ചോദ്യക്കടലാസു കൈകളിൽ 
തന്നൊരു സാറിനും ശത്രുവിൻ രൂപഭാവം
ഇനിയൊരുനാളിലും പൊലീസുകാരെ 
ഞാൻ കുറ്റമൊട്ടും പറയുകയില്ല.
ഇത്രയും പാടുള്ള ചോദ്യത്തിനുത്തരം 
എഴുതിക്കയറിയവരാണ് പോലീസ്.
ഒന്നുമേ അറിയില്ല എങ്കിലും ഞാനിന്നു 
എന്നിലെ ആവതുപോലെ എഴുതിയെ.
പണ്ടൊരു ചൊല്ലതു കേട്ടതുപോൽ
“കിട്ടിയാൽ കിട്ടി അല്ലെങ്കിൽ ചട്ടി”