വാഷിങ്ടണ്‍: അമേരിക്കയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ്, അധികാരമേറ്റ് 100 ദിവസത്തിനകം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കണമെന്ന് യുഎസ് വിദഗ്ധ സംഘം. യു.എസിലെ പൊതുനയ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ വിദഗ്ധരാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. അന്താരാഷ്ട്രതലത്തില്‍ മാറിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയെ കാണണമെന്ന് യു.എസ് ആവശ്യപ്പെട്ടത്. ഒബാമ സ്വീകരിച്ച നയം പിന്തുടരണമെന്നാണ് ഇവര്‍ പറയുന്നത്. മറ്റൊരു നിലപാടിലേക്ക് പോകുന്നതിനു മുമ്പു ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ട് സംസാരിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ കരുത്തുറ്റതും ഉണര്‍വുള്ളതുമാക്കുമെന്ന് സംഘം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ ഏഷ്യന്‍ നയത്തിലെ സുപ്രധാന കണ്ണിയായി ഇന്ത്യയെ കണ്ടുകൊണ്ടുള്ള ഒബാമയുടെ വിദേശനയത്തെ പിന്തുണക്കുന്നതാണ് റിപ്പോര്‍ട്ട്. ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് ഒരു ചതുര്‍രാഷ്ട്ര സുരക്ഷാ സഹകരണത്തിന് അടുത്ത യു.എസ് ഭരണകൂടം നീക്കം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യാന്തരതലത്തില്‍ പൊതുസമ്മതി ലഭിച്ച ഉടമ്പടികളില്‍ ഇന്ത്യ ഒപ്പുവെക്കുന്നുണ്ടെന്നു ഉറപ്പുവരുത്താനും പുതിയ പ്രസിഡന്റ് ശ്രമിക്കണമെന്നും ഗവേഷണ സ്ഥാപനം ആവശ്യപ്പെടുന്നു.