ന്യൂഡല്‍ഹി: സ്‌കൂളുകള്‍, നഴ്സറികള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ഒഴിവാക്കി. കേന്ദ്ര സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ജിഎസ്ടി നല്‍കേണ്ടതില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരുകള്‍ എടുക്കുന്ന വായ്പകള്‍ക്കും ജി എസ്ടി ഉണ്ടാകില്ല. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇളവുകള്‍ സംബന്ധിച്ച തീരുമാനം ഉണ്ടായത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാരോ, കോര്‍പറേറ്റുകളോ ഫണ്ട് ചെയ്യുന്ന ഉച്ചക്കഞ്ഞി വിതരണം ഉള്‍പ്പടെയുള്ള ഭക്ഷണ വിതരണ പദ്ധതികള്‍ക്കാണ് ജിഎസ്ടി ഒഴിവാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ സ്‌കൂളുകള്‍ക്കും, നേഴ്സറികള്‍ക്കും പുറമെ അങ്കണവാടികളും ഉണ്ടായിരിക്കും എന്നും കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോര്‍ഡ് അറിയിച്ചു.