ഒന്നാം പിണറായി സര്‍ക്കാരിന് കീഴില്‍ തൊഴിലില്ലായ്മ രൂക്ഷമായിരിക്കെയാണ് കോവിഡ് പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ പുതിയ വാഗ്ദാനം. 2021 മെയിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെയ്ഞ്ചുകളില്‍ തൊഴിലിനായി 37.71 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2020 മാര്‍ച്ചില്‍ ഇത് 34.24 ലക്ഷം ആയിരുന്നു. മെയിലെ കണക്ക് പ്രകാരം 11 ശതമാനമാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് രൂക്ഷമാണ്. എന്നാല്‍ പി.എസ്.സി റാങ്ക് പട്ടികയില്‍ ഇടംനേടിയ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ പോലും മുട്ടിലിഴയിച്ച സര്‍ക്കാരാണ് കെഡിസ്‌കിലൂടെ 20 ലക്ഷം തൊഴില്‍ വാഗ്ദാനം ചെയ്യുന്നത്.

ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19വരെ നീളുന്ന നൂറുദിന പരിപാടിയില്‍ പൊതുമരാമത്ത്, റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പദ്ധതികളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ 1000ല്‍ അഞ്ച് പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കും. വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങളാണ് നൂറുദിവസത്തിനുള്ളില്‍ സൃഷ്ടിക്കുന്നത്. കെഎസ്‌ഐഡിസി വഴി മടങ്ങിവന്ന പ്രവാസികള്‍ക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതി ആരംഭിക്കും. ഒരു വ്യക്തിക്കു 25 ലക്ഷം മുതല്‍ പരമാവധി 2 കോടി വരെ വായ്പ ലഭ്യമാക്കും.

നിര്‍ധന വിദ്യാര്‍ഥികള്‍ക്കു സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നതിനായി ഒരു വിദ്യാര്‍ത്ഥിക്കു 10,000 രൂപ നിരക്കില്‍ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി തുടങ്ങും. ഒരു സംഘം പരമാവധി അഞ്ചു ലക്ഷം രൂപ വായ്പയായി നല്‍കുന്ന പദ്ധതിയാണിത്.

ഗെയില്‍ പൈപ്പ് ലൈന്‍ നൂറു ദിവസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തുങ്ങും. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ നൂറുദിനങ്ങള്‍ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധത്തിന് ബജറ്റില്‍ നീക്കിവെച്ച 20000 കോടി പോലും കടമെടുക്കേണ്ട സ്ഥിതിയിലാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍.