മംഗളുരു: കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവച്ച ബസ് സര്‍വീസ് കര്‍ണാടക പുനരാരംഭിക്കുന്നു. നാളെ മുതല്‍ കേരളത്തിലേക്ക് ബസ് സര്‍വീസ് പുനരാരംഭിക്കുമെന്ന് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വ്യക്തമാക്കി.
പുത്തൂര്‍, മംഗളൂരു, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള ബസ് സര്‍വീസാണ് പുനരാരംഭിക്കുന്നത്.

കെഎസ്ആര്‍ടിസി ബസുകളില്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്രയുടെ ഷെഡ്യൂള്‍ സമയത്തിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ഒരു കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് കൈവശം വെക്കണം. അല്ലെങ്കില്‍ കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണം. ദിവസേന കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മറ്റുള്ളവര്‍ എന്നിവര്‍ 15 ദിവസത്തിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കൈവശം വെക്കണം.

യാത്രക്കാര്‍ കര്‍ശനമായി ഫേസ് മാസ്‌ക്ക് ധരിക്കണം. കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മറ്റ് കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉപയോഗിച്ചോ അല്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ ഫ്രാഞ്ചൈസി ബുക്കിംഗ് കൗണ്ടറുകള്‍ വഴിയോ സീറ്റുകളുടെ റിസര്‍വേഷന്‍ നടത്താം. സംശയനിവാരണത്തിനും കൂടുതല്‍ വിശദാംശങ്ങള്‍ക്കും യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 080-26252625 എന്ന നമ്പറിലും വിളിക്കാം.