കണ്ണൂര്‍: കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണനം വിപുലീകരിക്കാന്‍ ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് തണുത്ത പ്രതികരണം. പലയിടത്തും വില്‍പ്പന നടക്കാതെ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്ന സാഹചര്യവുമുണ്ട്. 2019ല്‍ ആരംഭിച്ച കടുംബശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും 1,72,000 രൂപ മാത്രമാണ് ഇതുവരെ ലഭിച്ച വരുമാനം. സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് കുടുംബശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ മതിയായ ഫണ്ടില്ലാത്തതും പരസ്യത്തിന്റെ കുറവുമൂലവും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വിപണിയുടെ നടത്തിപ്പ് പ്രതിസന്ധിയിലായി. പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 2020ല്‍ ആമസോണ്‍ ഇന്ത്യ സഹേലി (കൂട്ടുകാരി) പ്രോജക്ടുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ വിപണി വര്‍ധിപ്പിക്കാന്‍ കുടുംബശ്രീ മിഷന്‍ തീരുമാനിച്ചു.

കുടുബശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കനത്ത നഷ്ടത്തിലായ സാഹചര്യത്തിലായിരുന്നു പുതിയ നീക്കം. കുടുംബശ്രീ ആമസോണുമായി ചേര്‍ന്നാണ് ഓണ്‍ലൈന്‍ വിപണി ആരംഭിച്ചത്. സ്വകാര്യ ഓണ്‍ലൈന്‍ വിപണന പോര്‍ട്ടലിന് സമാനമായ രീതിയിലായിരുന്നു കടുംബശ്രീ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം. മൊബൈലിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ മെസേജ് പ്രോഗ്രാം മാനേജറിന് ലഭിക്കുകയും അരമണിക്കൂറിനുള്ളില്‍ ഓര്‍ഡര്‍ സ്വീകരിച്ചുള്ള സന്ദേശം ഉപഭോക്താവിന് ഫോണില്‍ ലഭ്യമാകുകയും ചെയ്യും. പിന്നീട് ഒരാഴ്ചക്കുള്ളില്‍ അതാത് യൂണിറ്റുകളില്‍ നിന്നും സാധനങ്ങള്‍ നേരിട്ട് അയക്കും. പോസ്റ്റല്‍ സര്‍വ്വീസ് വഴിയാണ് ഓര്‍ഡറുകള്‍ എത്തിക്കുന്നത്. ഭക്ഷ്യസാധനങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ ഉല്‍പ്പന്നങ്ങളും ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നുണ്ട്്. തുടക്കത്തില്‍ ഈ പ്രോജക്ടിലൂടെ കൂടുതല്‍ വില്‍പ്പന നടത്താന്‍ കഴിഞ്ഞെങ്കിലും ക്രമേണ കുറവുണ്ടായി. കോവിഡ് കൂടി വന്നതോടെ വിപണി തീര്‍ത്തും നഷ്ടത്തിലായി.