കോഴിക്കോട്: സംസ്ഥാനത്ത്‌ കനത്ത മഴ തുടരുന്നു. 18 വരെ ശക്തമായതും അതിശക്തമായതുമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതിനിടെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. നാല് വീടുകള്‍ ഒലിച്ചുപോയി. 10 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

മഞ്ചേരി പുല്‍പറ്റ സ്വദേശി മുഹമ്മദ് സുനീര്‍ (35) ആണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് മരിച്ചത്. കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒമ്പത് വയസുകാരി ദില്‍ന, സഹോദരന്‍ ജാസിം, ഷഹബാസ്, അബ്ദുറഹിമാന്‍, ഹന്നത്ത് എന്നിവരും മരണപ്പെട്ടു. പുലര്‍ച്ചെ നാല് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.

ഇവിടെ കുന്നിന്‍ മുകളില്‍ സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മിച്ച തടയണയാണ് വന്‍ ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.