അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സഊദി. കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന രണ്ടാമത്തെ പുണ്യ കര്‍മ്മത്തിന് വിപുലമായ സൗകര്യങ്ങളാണ് സഊദി ഭരണകൂടം നടപ്പിലാക്കുന്നത്. വിദേശങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരില്ലാതെ രണ്ടാം തവണയാണ് ഹജ്ജ് കര്‍മ്മം നടക്കുന്നത്. സഊദിയിലുള്ള നൂറ്റി അമ്പത് രാജ്യങ്ങളില്‍ നിന്നുള്ള അറുപതിനായിരം ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ഇത്തവണ ഹജ്ജിനുള്ള അനുമതി ലഭിച്ചത്. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാകും ഇക്കൊല്ലത്തെ ഹജ്ജിന്റെ കര്‍മങ്ങള്‍ നടപ്പിലാക്കുകയെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

ദുല്‍ഹജ്ജ് ഒമ്പതായ ജൂലൈ 19ന് തിങ്കളാഴ്ച്ച ഹാജിമാര്‍ അറഫയില്‍ സംഗമിക്കും. ദുല്‍ഹജ്ജ് ഏഴ്, എട്ട് ദിവസങ്ങളില്‍ ജൂലൈ 17,18 തിയതികളിലാണ് തീര്‍ത്ഥാടകര്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കയിലെത്തുക. അറഫാ ദിനത്തില്‍ വിശുദ്ധ കഅബയെ അണിയിക്കാനുള്ള കിസ്‌വ കഴിഞ്ഞ ദിവസം കൈമാറി. ഇക്കൊല്ലവും തീര്‍ത്ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് സേവനം ലഭ്യമാക്കും. ഹജ്ജിന്റെ മുന്നോടിയായി വിശുദ്ധ ഹറമിലെ പുതുക്കി പണിത കിംഗ് അബ്ദുല്‍ അസീസ് കവാടം തുറന്നു. ഹാജിമാര്‍ക്ക് പുണ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് യാത്ര ചെയ്യാന്‍ മശായിര്‍ ട്രെയിനുകളും സര്‍വീസ് നടത്തും.

ഹജ്ജിന്റെ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഓരോ തീര്‍ത്ഥാടകനും ഇത്തവണയും സ്!മാര്‍ട്ട് കാര്‍ഡ് നല്‍കും. നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് തീര്‍ത്ഥാടകര്‍ക്ക് ആയാസരഹിതമായി വിശുദ്ധ കര്‍മം നിര്‍വഹിക്കാനായി നാല് വര്ഷം മുമ്പേ നടപ്പിലാക്കിയ സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം കാലോചിതമായി പരിഷ്‌കരിച്ചു കൊണ്ടാണ് ഇക്കൊല്ലം പുറത്തിറക്കുന്നത്. വ്യക്തിപരവും ആരോഗ്യപരവുമായ തീര്‍ത്ഥാടകരുടെ മുഴുവന്‍ വിവരങ്ങളും കാര്‍ഡിലുണ്ടാകും. എന്തെങ്കിലും അത്യാഹിത ഘട്ടങ്ങളില്‍ ഈ കാര്‍ഡില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ അധികൃതര്‍ക്ക് സാധിക്കും. മിനായിലെ തമ്പുകളിലേക്കുള്ള വഴി തെറ്റിയാലും വിവിധ ഭാഗങ്ങളിലുള്ള സെല്‍ഫ് സെന്ററുകളില്‍ നിന്ന് ഈ കാര്‍ഡ് ഉപയോഗിച്ച് താമസ സ്ഥലം കണ്ടെത്താനാകും. തീര്‍ത്ഥാടകര്‍ക്ക് പോക്കുവരവിനുള്ള സമയം ക്രമീകരിക്കാനും ആവശ്യമായ ഭക്ഷണം തെരഞ്ഞെടുക്കാനും കാര്‍ഡില്‍ സംവിധാനമുണ്ട്. അതോടൊപ്പം സഊദി സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ചു കൊണ്ട് എ ടി എം കാര്‍ഡിന് പകരമായി സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കാനുള്ള പദ്ധതിക്ക് രൂപം നല്കിവരുന്നതായും മന്ത്രാലയ വക്താവ് എന്‍ജിനീയര്‍ ഹിഷാം അല്‍ സഈദ് വെളിപ്പെടുത്തി.

നാല് കേന്ദ്രങ്ങളിലൂടെയാണ് തീര്‍ത്ഥാടകര്‍ മക്കയിലേക്ക് പ്രവേശിക്കുക. നവാരിയ , ശറാഅ , അല്‍ഹദ സാഇദി തുടങ്ങിയ ഭാഗങ്ങളിലെ പാര്‍ക്കിംഗ് കേന്ദ്രങ്ങളിലാണ് തീര്‍ത്ഥാടകര്‍ സംഗമിക്കുക. മൂന്ന് രീതികളിലാണ് ഇവിടെ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നത്. അവിടെ നിന്ന് ത്വവാഫുല്‍ ഖുദൂം നിര്‍വഹിക്കാന്‍ ബസുകളിലാണ് മസ്ജിദുല്‍ ഹറമിലേക്ക് തീര്‍ത്ഥാടകരെ കൊണ്ടുപോവുക. ഇരുപത് പേര്‍ ഉള്‍പ്പെടുന്ന സംഘങ്ങളാകും ഓരോ ബസിലും ഉണ്ടാവുക. ഓരോ സംഘത്തിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍കൊള്ളുന്ന പ്രത്യേക നിരീക്ഷകരുണ്ടാകും. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഹജ്ജിനുള്ള അവസരം നല്‍കുന്നത്. ഹജ്ജിന് തെരഞ്ഞെടുക്കപെട്ടവരില്‍ രണ്ടാമത്തെ ഡോസ് ലഭ്യമാകാത്തവര്‍ക്ക് ബുക്കിംഗ് ഇല്ലാതെ തന്നെ വാക്‌സിന്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ മന്ത്രാലയങ്ങള്‍ ഒരുക്കിയിട്ടുണ്ട്

പുതിയ കിസ്‌വയുടെ ഔദ്യോഗികമായ കൈമാറ്റം കഴിഞ്ഞ ശനിയാഴ്ച്ച മക്ക ഗവര്‍ണ്ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍വഹിച്ചിരുന്നു. വര്‍ഷത്തില്‍ ഒരു തവണയാണ് പുണ്യ ഗേഹമായ കഅബയുടെ കിസ്‌വ മാറ്റാറുള്ളത്. ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുന്ന ദുല്‍ഹജ്ജ് ഒമ്പതിന് വിശുദ്ധ കഅബയെ പുതിയ കിസ്‌വ അണിയിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അടച്ചിട്ടിരുന്ന കിംഗ് അബ്ദുല്‍ അസീസ് കവാടം പുതുമോടിയില്‍ തുറന്നു. അതോടൊപ്പം പുതുക്കി പണിത അല്‍ ഉംറ, അല്‍ ഫതഹ് കവാടങ്ങളും തുറന്നിട്ടുണ്ട്. മതാഫ് വികസനത്തിന്റെ ഭാഗമായുള്ള തൂക്കുവിളക്ക് പദ്ധതിയും പൂര്‍ത്തിയാക്കി. 245 തൂക്കുവിളക്കുകളാണ് പുതുതായി സ്ഥാപിച്ചിട്ടുള്ളത്.

വിശുദ്ധ ഹറമില്‍ തീര്‍ത്ഥാടകര്‍ക്ക് സുഖമമായി കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനും ആരാധന കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനുമായി നിലവിലുള്ള സംവിധാനങ്ങള്‍ പുനഃക്രമീകരിച്ചു. മതാഫിലും ഹറമിലും അകലം പാലിക്കുന്നതിന്റെ ഭാഗമായി പ്രത്യേക സഞ്ചാര പാതകള്‍ സ്ഥാപിച്ചു. മതാഫില്‍ 25 പാതകളും താഴത്തെ നിലയില്‍ നാല് പാതകളും ഒന്നാം നിലയില്‍ അഞ്ച് പാതകളുമാണ് സ്ഥാപിച്ചത്. തീര്‍ത്ഥാടകര്‍ പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഈ ഭാഗങ്ങളിലെല്ലാം പ്രത്യേകം നിയോഗിതരായ ഉദ്യോഗസ്ഥര്‍ സദാ സമയവുമുണ്ടാകും. 15000 നഗരസഭാ ജീവനക്കാരെയും ഹജ്ജ് സേവനങ്ങളുടെ ഭാഗമായി പുതുതായി നിഗയോഗിച്ചിട്ടുണ്ട്.

അനുമതിയില്ലാതെ ഹജ്ജ് കര്‍മത്തിനെത്തുന്നവരെ പിടികൂടാന്‍ കര്‍ശനമായ നിരീക്ഷണമാണ് സുരക്ഷാ സേന നടത്തുന്നത്. ഹജ്ജ് അനുമതിയില്ലാതെ തീര്‍ഥാടകരെ കയറ്റുന്നവരെ പിടികൂടിയാല്‍ ആറ് മാസത്തെ തടവുംഅമ്പതിനായിരം റിയാല്‍ പിഴയും ലഭിക്കുമെന്ന് ജവാസാത്ത് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനൊപ്പം പ്രാദേശിക മാധ്യമങ്ങളില്‍ നിയമലംഘകന്റെ പേരുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. വാഹനത്തിലെ അനധികൃത തീര്‍ത്ഥാടകരുടെ എണ്ണത്തിനനുസരിച്ച് പിഴ ഇരട്ടിയാക്കുകയും ചെയ്യും . നിയമപരമായ അനുമതി ലഭിക്കാതെ വ്യാജ ഹജ്ജ് സ്റ്റാമ്പ് ഉപയോഗിച്ച് അനുമതിപത്രമുണ്ടാക്കി ഹജ്ജിനെത്തുന്ന വിദേശികളെ പത്ത് വര്‍ഷത്തെ വിലക്കോടെ നാട് കടത്തും.
ഇവര്‍ക്ക് പിന്നീട് ഹജ്ജിനും ഉംറക്കുമല്ലാതെ തൊഴില്‍ തേടി പിന്നീട് രാജ്യത്തേക്ക് കടക്കാന്‍ അനുമതി ഉണ്ടാകില്ല. തസ്‌രീഹ് ഇല്ലാതെ വിശുദ്ധ ഹറം, മക്കയിലെ സെന്‍ട്രല്‍ ഹറം ഏരിയ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്കും മിന, മുസ്ദലിഫ, അറഫ തുടങ്ങിയ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട് .നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും.

രണ്ടാം വര്‍ഷമാണ് വിദേശ ഹാജിമാരില്ലാത്ത ഹജ്ജ് കര്‍മം നടക്കാന്‍ പോകുന്നത് . സഊദിയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ വര്ഷം ആയിരത്തോളം ആഭ്യന്തര ഹാജിമാര്‍ക്ക് അവസരം നല്‍കി ഹജ്ജ് കര്‍മം നിര്‍വഹിച്ചിരുന്നു. ഒത്തുചേരലുകളില്‍ പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ അപകടത്തെ കുറിച്ച് ലോകാരോഗ്യ സംഘടനയുടെയും സഊദി അറേബ്യയിലെയും മറ്റു രാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകളുടെ മുന്നറിയിപ്പുകളും കണക്കിലെടുത്താണ് ഇത്തവണയും ആഭ്യന്തര ഹാജിമാര്‍ക്ക് മാത്രമായി വിശുദ്ധ കര്‍മം പരിമിതപ്പെടുത്തിയത്. ആഗോളതലത്തിലുള്ള വിശ്വാസി സമൂഹത്തിന് ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ സഊദി എക്കാലവും പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ അന്തിമതീരുമാനം സഊദിയിലെ കോവിഡ് സ്ഥിതിയും തീര്‍ഥാടകരെത്തുന്ന രാജ്യങ്ങളിലെ കോവിഡ് വ്യാപനവും വിലയിരുത്തിയാകുമെന്നും നേരത്തെ തന്നെ സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.