india

വനിത ട്വന്റി20 ലോകകപ്പ്: വിന്‍ഡീസിനെ തോല്‍പിച്ച്‌ ഇന്ത്യ മുന്നോട്ട്

By webdesk12

February 16, 2023

വനിത ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ആഘോഷിച്ച്‌ ടീം ഇന്ത്യ. വെസ്റ്റിന്‍ഡീസിനെ ആറ് വിക്കറ്റിനാണ് തകര്‍ത്തത്.ടോസ് നേടി ബാറ്റ് ചെയ്ത കരീബിയന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 118 റണ്‍സെടുത്തു. മറുപടിയില്‍ ഇന്ത്യ 18.1 ഓവറില്‍ നാലിന് 119 ലെത്തി. 32 പന്തില്‍ 44 റണ്‍സുമായി റിച്ച ഘോഷ് പുറത്താവാതെ നിന്നു. ജയമുറപ്പിച്ച ശേഷം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ (33) വീണു. ഇന്ത്യക്ക് വേണ്ടി ദീപ്തി ശര്‍മ നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

119 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് ഓപണര്‍മാര്‍ തരക്കേടില്ലാത്ത തുടക്കം നല്‍കി. ഏഴു പന്തില്‍ 10 റണ്‍സടിച്ച സ്മൃതി മന്ദാന നാലാം ഓവറില്‍ പുറത്താവുമ്ബോള്‍ സ്കോര്‍ 32. ജെമീമ റോഡ്രിഗസ് (1) വേഗം മടങ്ങി. ഓപണര്‍ ഷഫാലി വര്‍മ 23 പന്തില്‍ 28 റണ്‍സ് നേടി കരക്ക് കയറി. 7.1 ഓവറില്‍ മൂന്നിന് 43ല്‍ നില്‍ക്കെ സംഗമിച്ച ഹര്‍മന്‍-റിച്ച സഖ്യമാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. 42 റണ്‍സ് നേടിയ സ്റ്റെഫാനി ടെയ്‍ലറാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ഗ്രൂപ് ബിയില്‍ ഇംഗ്ലണ്ടിനും ഇന്ത്യക്കും നാല് വീതം പോയന്റാണെങ്കിലും റണ്‍റേറ്റ് ബലത്തില്‍ ഇംഗ്ലീഷുകാരാണ് മുന്നില്‍. രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ ഇന്ത്യക്ക് സെമി ഫൈനല്‍ പ്രതീക്ഷയുണ്ട്.