ഇംഫാല്‍: കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും 17 ദിവസമായി യുണൈറ്റഡ് നാഗാ കൗണ്‍സില്‍ തുടരുന്ന സാമ്പത്തിക ഉപരോധവും കാരണം മണിപ്പൂരില്‍ ജനജീവിതം തീര്‍ത്തും ദുസ്സഹമായി. പെട്രോള്‍, പാചകവാതകം എന്നിവ സംസ്ഥാനത്ത് മിക്കയിടങ്ങളിലും കിട്ടാക്കനിയാണ്.

ഇംഫാലില്‍ അടക്കം സംസ്ഥാനത്ത് കരിഞ്ചന്തയില്‍ പെട്രോളിന് ലിറ്ററിന് 350 രൂപയും പാചക വാതക സിലിണ്ടറിന് 3000 രൂപയുമാണ്. പണം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പത്രങ്ങള്‍ ഇനി പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് ഓള്‍ മണിപ്പൂര്‍ ന്യൂസ്‌പേപ്പര്‍ പബ്ലിഷേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. ഇംഗ്ലീഷ് പ്രാദേശിക ഭാഷാ പത്രങ്ങളടക്കം 20 പത്രങ്ങളാണ് ഇംഫാലില്‍ നിന്നും പ്രസിദ്ധീകരിക്കുന്നത്. പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര മന്ത്രിമാര്‍ ആണയിടുന്നതിനിടെയാണ് സംസ്ഥാനത്തു നിന്നുമുള്ള ഈയാഥാര്‍ത്ഥ്യം പുറത്തു വരുന്നത്.

മണിപ്പൂര്‍ ദേശീയ പാതകളില്‍ യുണൈറ്റഡ് നാഗാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സാമ്പത്തിക ഉപരോധവും തുടരുകയാണ്. മണിപ്പൂരില്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഭൂ നിയമത്തിനെതിരായാണ് യുണൈറ്റഡ് നാഗാ കൗണ്‍സില്‍ സാമ്പത്തിക ഉപരോധം നടത്തുന്നത്. 15-ാം തീയതി നാഗാ നേതാക്കന്‍മാര്‍ കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. വാഹനങ്ങള്‍ക്ക് ഇന്ധനം ലഭ്യമല്ലാത്തതിനാല്‍ സ്‌കൂള്‍ വാഹനങ്ങളും കടത്തു വള്ളങ്ങളുമടക്കം അവശ്യ സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.