തിരുവനന്തപുരം: അവതാരങ്ങളളെ ഇനി കാണില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സര്‍ക്കാരും അവതാരങ്ങളെ കൊണ്ട് പുലിവാല്‍ പിടിക്കുന്നു. പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരി അനിത പുല്ലയില്‍ ലോകകേരള സഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയത് എങ്ങനെയെന്ന അറിയാതിരിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് സംഘാടകര്‍. ക്ഷണിതാക്കളുടെ പേര് പുറത്തുവിടാതെയാണ് മുഖ്യസംഘാടകരായ നോര്‍ക്ക ഉരുണ്ടുകളിക്കുന്നത്. വിവാദമായതോടെ അനിതയെ ക്ഷണിതാക്കളുടെ ലിസ്റ്റില്‍ നിന്നൊഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

അതേസമയം, സഭാ ടിവിക്ക് സാങ്കേതികസഹായം നല്‍കുന്ന ബിറ്റ് റേറ്റ് സൊല്യൂഷന്‍സുമായി സഹകരിക്കുന്ന പ്രവീണ്‍ എന്നയാളിനൊപ്പമാണ് അനിത പുല്ലയില്‍ എത്തിയതെന്നാണ് വിവരം. ലോകകേരളസഭയുടെ ഉദ്ഘാടനച്ചടങ്ങ് മുതല്‍ പ്രവീണിനൊപ്പം അനിതയുണ്ടായിരുന്നു. നിയമസഭാ സെക്രട്ടറിയേറ്റോ നോര്‍ക്കയോ അറിയാതെ അനിതക്ക് സഭക്ക് അകത്ത് വരാനാകില്ല. പൊതുജനങ്ങളില്‍ പോലും ക്ഷണമുള്ളവരെയാണ് പ്രവേശിപ്പിച്ചിരുന്നത്.

സഭാ ടിവിക്ക് ഒടിടി പ്ലാറ്റ് ഫോം സൗകര്യം ഒരുക്കുന്ന ഏജന്‍സിയാണ് ബിറ്റ് റേറ്റ് സൊല്യൂഷന്‍സ്. ഇവര്‍ക്ക് ബില്ലുകള്‍ കൈമാറാന്‍ സഹായിക്കുന്നയാളാണ് പ്രവീണ്‍. ഇയാള്‍ക്ക് നിയമസഭാ പാസും ലോകകേരളസഭ പാസുമുണ്ടായിരുന്നു. സീരിയല്‍ നിര്‍മാതാവ് കൂടിയാണ് പ്രവീണ്‍. ഈ വിവരം കിട്ടിയതോടെ ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്പീക്കര്‍ ചീഫ് മാര്‍ഷലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവീണിനൊപ്പം തന്നെയാണ് അനിത സഭയിലെത്തിയതെന്ന് ചീഫ് മാര്‍ഷലും സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ശന പരിശോധനയാണ് ലോക കേരള സഭാ സമ്മേളനം നടക്കുന്ന ശങ്കരന്‍തമ്പി ഹാളില്‍ പ്രവേശിക്കുന്നതിന് ഒരുക്കിയിരുന്നത്. പ്രതിനിധിയോ ക്ഷണിതാവോ അല്ലാത്ത അനിത നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ചതിലും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തതിലുമാണ് അന്വേഷണം. ലോക കേരള സഭ നടക്കുമ്പോള്‍ അനിത പുല്ലയില്‍ നിയമസഭാ സുച്ചയത്തില്‍ എത്തിയത് ശ്രദ്ധയില്‍പ്പെട്ടെന്ന് പ്രഖ്യാപിച്ച് വാച്ച് ആന്‍ഡ് വാര്‍ഡ് ഇവരെ പുറത്താക്കുകയായിരുന്നെന്നാണ് നിയമസഭയുടെ വിശദീകരണം. ഇവിടെയെത്തിയ അനിത സമ്മേളന പ്രതിനിധികളുമായി സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.അനിത പുല്ലയില്‍ നിയമസഭ സമുച്ചയത്തില്‍ കയറിയതില്‍ പങ്കില്ലെന്ന തരത്തില്‍ നോര്‍ക്ക നേരത്തേ തന്നെ കൈ കഴുകിയിരുന്നു. ഓപ്പണ്‍ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണ് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. അനിതയുടെ സന്ദര്‍ശനം ഗുണകരമായ കാര്യമല്ലെന്ന് വിശദീകരിച്ച റവന്യു മന്ത്രി ഇക്കാര്യത്തെ കുറിച്ച് കര്‍ശനമായി അന്വേഷിക്കുമെന്നും അറിയിച്ചു. അനിതയുടെ സന്ദര്‍ശനത്തെ കുറിച്ച് സ്പീക്കറുമായി സംസാരിച്ചിരുന്നതായും മന്ത്രി അറിയിച്ചു.