തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്യാനിടയായ തര്‍ക്ക ഭൂമി സംബന്ധിച്ച് തഹസീല്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തര്‍ക്ക വസ്തുവായ നാലു സെന്റ് ഭൂമി പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് റവന്യൂ വകുപ്പ് റവന്യൂ വകുപ്പ് വ്യക്തമാക്കി. ഈ റിപ്പോര്‍ട്ടാണ് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്. ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്നും മരിച്ച രാജന്‍ ഭൂമി കൈയേറിയതാണെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.

വസന്തയുടെ പരാതിയിലുണ്ടായ കോടതി വിധിയില്‍ വീടൊഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു രാജന്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ച് തീകൊളുത്തി മരിച്ചത്. വസന്ത ഭൂമി അന്യായമായി കൈവശം വച്ചതാണെന്നായിരുന്നു രാജന്റെ മക്കളും സമീപവാസികളും വാദിച്ചിരുന്നത്.

സുഗന്ധ എന്നയാളില്‍ നിന്നാണ് വസന്ത ഭൂമി വിലകൊടുത്ത് വാങ്ങിയത്. വസന്തയുടെ പക്കല്‍ ഭൂമിക്ക് കരമടച്ച രസീതടക്കമുണ്ടെന്നും തഹസില്‍ദാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വസന്തയില്‍ നിന്ന് ഭൂമി വാങ്ങി ബോബി ചെമ്മണ്ണൂര്‍ രാജന്റെ മക്കള്‍ക്ക് നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും അവര്‍ സ്വീകരിച്ചിരുന്നില്ല.

വസന്ത അന്യായമായി കൈവശം വച്ചതാണ് ഈ ഭൂമിയെന്നും നിയമപരമായി ഇത് വാങ്ങാനോ വില്‍ക്കാനോ സാധിക്കില്ലെന്നുമായിരുന്നു അവരുടെ വാദം.