മുംബൈ: ഇസ്‌ലാം മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ ജാമ്യമില്ലാ വാറണ്ടുമായി മുംബൈയിലെ എന്‍.എ.എ കോടതി. തീവ്രവാദബന്ധം ആരോപിച്ചാണ് പ്രത്യേക എന്‍.ഐ.എ കോടതി സാക്കിര്‍ നായിക്കിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടിച്ചത്.

നേരത്തെ സമുദായ സ്പര്‍ധ വളര്‍ത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു എന്ന കേസില്‍ സാക്കീര്‍ നായിക്കിനെയും അദ്ദേഹത്തിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ ചില വ്യക്തികള്‍ക്കെതിരേയും എന്‍.ഐ.എ കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 153എ വകുപ്പും യു.എ.പി.എയും ചുമത്തിയാണ് സാക്കീര്‍ നായിക്കിനേയും മറ്റുള്ളവരേരും പ്രതികളാക്കിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടും നായിക്കിനെതിരെ നിലവില്‍ കേസുണ്ട്. അതേസമയം കേസ് വിഷയവുമായി ബന്ധപ്പെട്ട് നായിക്കിന് മൂന്ന് സമന്‍സുകള്‍ അയച്ചതായി പ്രത്യേക കോടതി ജഡ്ജി വി.വി പട്ടീല്‍ അറിയിച്ചു.

2016 ല്‍ ധാക്കയില്‍ നടന്ന തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തെ തുടര്‍ന്നാണ് സാക്കിര്‍ നായിക്കിനെതിരെ കേന്ദ്രം നടപടിയെടുക്കാന്‍ ആരംഭിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് നായിക്കിന്റെ പ്രസംഗം പ്രചോദനമായെന്ന് ബ്ലംഗാദേശി പത്രം റിപ്പോര്‍ട്ട് ചെയ്തതാണ് വിവാദമായത്.