ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കനകമല ഐ.എസ് കേസിലെ പ്രതികളില്‍ നിന്ന് എന്‍ഐഎ സംഘം വിയ്യൂര്‍ ജയിയിലെത്തി മൊഴിയെടുത്തു. ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാത്രമാണെന്നാണ് പ്രതികളുടെ മൊഴി.

വാട്‌സ്ആപ്പ് വഴിയും മെസഞ്ചര്‍ വഴിയും ഷെഫിനുമായി ബന്ധപ്പെട്ടിരുന്നെന്നും എന്നാല്‍ അത് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ എന്ന രീതിയിലാണെന്നും പ്രതികള്‍ മൊഴി നല്‍കി. കനകമല കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി മന്‍സീദ്, ഒമ്പതാം പ്രതി തിരൂര്‍ സ്വദേശി സെഫ്വാന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്.

ജയില്‍ സൂപ്രണ്ട് എം.കെ വിനോദ്കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പകര്‍ത്തിയിട്ടുണ്ട്. മന്‍സീദ് അംഗമായ തണല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗമായിരുന്നു ഷെഫിന്‍ ജഹാനെന്നാണ് എന്‍.എ.ഐ കോടതിയില്‍ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍.