X
    Categories: MoreViews

ആര്‍ജെഡിയുമായി ഭിന്നത രൂക്ഷം; മഹാസഖ്യം തകര്‍ത്ത് നിതീഷ് കുമാര്‍ രാജിവെച്ചു

ഡല്‍ഹി: മഹാസഖ്യം തകര്‍ത്ത്  മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയു മന്ത്രിമാരും രാജിവെച്ചു. ആര്‍ജെഡിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് രാജി. ബിഹാറിലെ മഹാസഖ്യത്തെ വിള്ളല്‍ പൂര്‍ണ യാഥാര്‍ഥ്യമാക്കിയാണ് നിതീഷ് കുമാറിന്റെ രാജി.  ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് രാജികത്ത് നല്‍കിയത്.

”സമയമായി, നമ്മള്‍ ഇതു ചെയ്‌തേ പറ്റു” എന്ന് നിതീഷ് കുമാര്‍ മന്ത്രിമാരോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് കത്ത് ഗവര്‍ണര്‍ക്കു കൈമാറിയത്. ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ചലനമുണ്ടാക്കുന്നതായിരിക്കും രാജി.

അഴിമതി ആരോപണത്തിന്റെ നിഴലിലായ ആര്‍ജെഡി അധ്യക്ഷന്‍ ലാലുവിന്റെ മകന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കണമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അന്ത്യശാസനം തള്ളിയതിനെ തുടര്‍ന്നാണ് രാജി നീക്കം.

മൂന്നു മാസമായി ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ബെനാമി സ്വത്തു വിവരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തു വന്ന സാഹചര്യത്തിലാണ് മുന്നണിക്കുള്ളില്‍ തര്‍ക്കം രൂപപ്പെട്ടത്. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനെതിരെ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തത് തര്‍ക്കം രൂക്ഷമാക്കി. അഴിമതിക്കേസില്‍പ്പെട്ട തേജസ്വി യാദവ് രാജിവയ്ക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടിരുന്നെങ്കിലും, ആര്‍ജെഡി നേതൃത്വം ഇതിന് ചെവികൊടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി നിതീഷിന്റെ രാജി പ്രഖ്യാപനമെത്തിയത്.

ബിഹാറിന്റെ താല്‍പ്പര്യം കണക്കിലെടുത്താണ് രാജിയെന്ന് രാജ്ഭവനു പുറത്ത് നിതീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. അഴിമതിയോടു ഒരു തരത്തിലും വിട്ടുവീഴ്ചയില്ലെന്നും നിതീഷ് വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു 2013ല്‍ നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചു എന്‍ഡിഎ വിട്ട നിതീഷ് കുമാര്‍, പഴയ തട്ടകത്തിലേക്കു മടങ്ങുമെന്ന സൂചന ശക്തമാണ്. നിതീഷ് രാജിവച്ച രാഷ്ട്രീയ സാഹചര്യത്തില്‍, ബിജെപി നേതൃയോഗം ഉടന്‍ ചേരും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷിനെ പുറത്തുനിന്നു പിന്തുണച്ചേക്കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തില്‍ പങ്കെടുക്കും.

ബിഹാറിലെ രാഷ്ട്രീയ നില

ആകെ സീറ്റ് 243
കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122

കക്ഷി നില

ആര്‍ജെഡി 80
ജെഡിയു 71
കോണ്‍ഗ്രസ് 27

ബിജെപി 53

എല്‍ജെപി 2
ആര്‍എല്‍എസ്പി 2
എച്ച്എഎം 1

സിപിഐ (എംഎല്‍) 3
സ്വതന്ത്രര്‍ 4

chandrika: