സംസ്ഥാനത്തെ നിപ വൈറസ് ബാധയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.
ചികിത്സയിലുള്ള നിപ രോഗിയുമായി ബന്ധപ്പെട്ട രണ്ട് പേരുടെ സാംപിള്‍ നെഗറ്റീവ് ആണ്. കേരളത്തിലെ നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള വിദഗ്ധ പരിശോധന ആരംഭിച്ചെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ രക്തവും സ്രവങ്ങളും വീണ്ടും പരിശോധിക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജീകരിച്ച പ്രത്യേക ലാബില്‍ പൂണെയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുക. ഉച്ചയോടെ ഫലം ലഭിക്കുമെന്നാണ് വിവരം. നിപ വൈറസ് സാന്നിധ്യം പൂര്‍ണമായി മാറിയോ എന്ന് അറിയുന്നതിനായാണ് പരിശോധന നടത്തുന്നത്.
വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇടയ്ക്ക് പനിയുണ്ടാകുന്നതൊഴിച്ചാല്‍ ആരോഗ്യനില തൃപ്തികരമാണ്.
അതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും നിപ പരിശോധനയ്ക്കായി അയച്ച സാപിളും നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. ആലപ്പുഴ വൈറോളജി ലാബിലായിരുന്നു പരിശോധന.