അബുദാബി: കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് ഇനി ഹോം ഐസൊലേഷന്‍ ഇല്ലെന്ന് അബുദാബി. പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കോ ഹോട്ടലിലേക്കോ മാറ്റണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റിലെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയതായി അബുദാബി പൊതു ആരോഗ്യകേന്ദ്രം വക്താവ് ഡോ. ഷദ അല്‍ ഗസാലി ദ നാഷണല്‍ പത്രത്തോട് പറഞ്ഞു.

പോസിറ്റീവ് ആകുന്നവര്‍ ഫീല്‍ഡ് ആശുപത്രിയിലെത്തി അഡ്മിറ്റാകണമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഓഗസ്റ്റില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ, കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ പ്രവേശിക്കുന്നതിന് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു.

വിവിധ സ്വകാര്യ ആശുപത്രികളില്‍ പരിശോധനയ്ക്ക് എത്തുന്നവരില്‍ പോസിറ്റീവ് ആകുന്നവരെ പ്രത്യേക നിരീക്ഷണ മുറിയിലേക്കു മാറ്റി വിവരം ആരോഗ്യമന്ത്രാലയത്തിനു കൈമാറണമെന്നും നിര്‍ദേശമുണ്ട്.